ഹൈദരാബാദ്: ദിശ വധക്കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന് അറിവുണ്ടെന്ന സൂചന നല്‍കി തെലങ്കാന മന്ത്രി. തെലങ്കാന മൃഗസംരക്ഷണവകുപ്പ് മന്ത്രിയും തെലങ്കാന രാഷ്ട്രസമിതിയുടെ മുതിര്‍ന്ന നേതാവുമായ ടി.ശ്രീനിവാസ യാദവാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറയുന്നത്. 

പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവം രാജ്യത്തിനാകെ നല്‍കിയത് ശക്തമായ സന്ദേശമാണ്. വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കോടതികളിലൂടെ എത്ര കണ്ട് നീതി നല്‍കാന്‍ സാധിക്കുമായിരുന്നുവെന്ന കാര്യത്തിലും സംശയമുണ്ടായിരുന്നു. ഇതിന്‍റെയെല്ലാം ക്രെഡിറ്റ് മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനാണ്  - ശ്രീനിവാസ പറയുന്നു.

ദിശ വധക്കേസിലെ പ്രതികളെ വ്യാജഏറ്റുമുട്ടലിലൂടെയാണ് വധിച്ചതെന്ന ആരോപണം ശക്തമാവുകയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെലങ്കാനയില്‍ എത്തി സംഭവത്തില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതിനിടെയാണ് തെലങ്കാന മന്ത്രിയുടെ പ്രതികരണം പുറത്തു വരുന്നത്. വെടിവെപ്പിനെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊല്ലപ്പെട്ട ദിശ ഒരു വെറ്റിനറി ഡോക്ടറാണ്. ദിശ ജോലി ചെയ്ത സ്ഥാപനം ശ്രീനിവാസ യാദവിന്‍റെ ചുമതലയിലുള്ള മൃഗസംരക്ഷണവകുപ്പിന് കീഴില്‍ വരുന്നതാണ്. 

പ്രതികള്‍ കൊല്ലപ്പെട്ടത് കുറ്റകൃത്യം പുനരാവിഷ്കരിക്കാന്‍ വേണ്ടി അവരെ പെണ്‍കുട്ടിയെ പീഡിപ്പച്ച് കത്തിച്ച സ്ഥലത്ത് കൊണ്ടു പോയപ്പോള്‍ ആണ്. കുറ്റകൃത്യം പുനരാവിഷ്കരിക്കാന്‍ പുലര്‍ച്ചെ തന്നെ പ്രതികളെ കൊണ്ടു പോയെങ്കില്‍ അത് മുകളില്‍ നിന്നുള്ള അനുമതിയോടെയായിരിക്കും. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഭയപ്പെടാത്ത സര്‍ക്കാരാണ് തെലങ്കാനയിലേത് - ശ്രീനിവാസ യാദവ് പറയുന്നു. 

മുഖ്യമന്ത്രിയുടെ അനുമതിയോടെയാണോ പ്രതികളെ വെടിവെച്ചു കൊന്നതെന്ന ചോദ്യത്തിന് അങ്ങനെയൊരു അനുമതി നല്‍കിയിട്ടുണ്ടാവില്ലെന്നും എന്നാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തവര്‍ കൊല്ലപ്പെട്ടത്തില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി രാജ്യത്തെ എല്ലാ ജനങ്ങളും ഈ പ്രവൃത്തിയില്‍ സന്തോഷിക്കുകയാണെന്നും തന്‍റെ മന്ത്രിസഭയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും തുറന്നു പറഞ്ഞു. 

രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച നിര്‍ഭയ കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ ശിക്ഷിച്ചിട്ടില്ല. രാജ്യം മാത്രമല്ല ലോകം മുഴുവന്‍ ശ്രദ്ധിച്ച കേസാണത്. അത്തരമൊരു കേസിന് വരെ ഇങ്ങനെയൊരു ഗതി വരുമ്പോള്‍ ഇവിടെ നിയമവ്യവസ്ഥയില്ല എന്നൊരു സന്ദേശമാണ് ജനങ്ങള്‍ക്ക് കിട്ടുക. കുറ്റവാളികള്‍ ജയിലില്‍ പോകുന്നു, തിരിച്ചു വരുന്നു, വീണ്ടും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. അതിനാല്‍ തന്നെ ഈ കേസിലുണ്ടായ നടപടി രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ശക്തമായ ഒരു സന്ദേശമായിരിക്കും നല്‍കുന്നത്. - മന്ത്രി പറയുന്നു. 

പീഡനവാര്‍ത്ത പുറത്തു വന്നപ്പോള്‍ മുതല്‍ രാജ്യത്ത് എല്ലായിടത്തും നിന്നും ശക്തമായ സമ്മര്‍ദ്ദമാണ്  തെലങ്കാന സര്‍ക്കാരിന് മേലുണ്ടായത്. എല്ലാവരേയും ഞെട്ടിച്ച ഒരു സംഭവമായിരുന്നു ദിശയുടെ മരണം. അതിനാല്‍ തന്നെ പിന്നീടുണ്ടായ പൊലീസ് നടപടി വലിയ വാര്‍ത്തയായി മാറി. മായാവതിയും ദില്ലി പെണ്‍കുട്ടിയുടെ അമ്മയും തെലങ്കാന സര്‍ക്കാരിനെ അഭിനന്ദിച്ചു മുന്നോട്ട് വന്നു. ഇന്നലെ രാജ്യം മുഴുവന്‍ ഇതായിരുന്നു വാര്‍ത്ത - ആഹ്ളാദം പങ്കുവച്ചു കൊണ്ട് മന്ത്രി പറയുന്നു.

പൊലീസ് നടപടിയില്‍ ദേശീയ മനുഷ്യാവകാശകമ്മീഷനടക്കം വിവിധ മനുഷ്യാവകാശസംഘടനകള്‍ ആശങ്ക രേഖപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെയുള്ളവര്‍ക്ക് എന്തും പറയാമെന്നും  ആ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അവസ്ഥയും ആലോചിക്കണമെന്നും  അവരോട് ഇവരെല്ലാം എന്താണ് പറയാന്‍ പോകുന്നതെന്നും മന്ത്രി ചോദിക്കുന്നു.

ഏറ്റുമുട്ടല്‍ സംഭവിക്കാതിരിക്കുകയും  പ്രതികളെ കോടതി വിചാരണ ചെയ്യുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുമായിരുന്നുവോ എന്ന സംശയവും മന്ത്രി അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. കോടതിയില്‍ വിചാരണ നടന്നെങ്കില്‍ അതെന്നെങ്കിലും തീരുമോ.. ഒരിക്കലുമില്ല. അതാണ് ഇന്ത്യയിലെ നിയമങ്ങളുടേയും നിയമവ്യവസ്ഥയുടേയും അവസ്ഥ. നടപടികള്‍ ഒരിക്കലും തീരില്ല. ഇന്ത്യയില്‍ നീതി വൈകിയേ ലഭിക്കൂ എന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം. ഇതുമൂലം ജനം ഒരുപാട് അനുഭവിക്കുന്നുണ്ട്.  ഇന്നലെ നിര്‍ഭയയുടെ അമ്മ വരെ അക്കാര്യം പറഞ്ഞു. നിയമങ്ങളും സംവിധാനങ്ങളുമൊക്കെ ഒരുപാട് മാറാനുണ്ട്. അതിനെക്കുറിച്ച് ആളുകള്‍ ഇനിയെങ്കിലും ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു - ശ്രീനിവാസ യാദവ് പറയുന്നു.