യുപി എസ്ടിഎഫും ബിഹാർ പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. ബിഹാറിലെ ഗയയിൽ വെച്ച് 1.71 കോടി രൂപ വിലമതിക്കുന്ന 684 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 

ലഖ്‌നൗ/ഗയ: അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അംഗങ്ങളായ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (STF) ബിഹാർ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിൽ 684 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് ഏകദേശം 1.71 കോടി രൂപ വിലമതിക്കും. ബിഹാറിലെ ഗയ ജില്ലയിലെ ബരാചട്ടിയിൽ വെച്ചാണ് ഇന്ന് അറസ്റ്റ് നടന്നത്. അറസ്റ്റിലായവരിൽ ഉത്തർപ്രദേശിലെ ചന്ദൗലി സ്വദേശി വികാസ് യാദവ്, ബിഹാറിലെ റോഹ്താസ് ജില്ലക്കാരായ സഞ്ജീവ് തിവാരി, ധീരജ് കുമാർ ഗുപ്ത എന്നിവർ ഉൾപ്പെടുന്നു. ഈ ഓപ്പറേഷനിൽ, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഒരു ട്രക്ക്, പൈലറ്റ് വാഹനമായി ഉപയോഗിച്ച ഒരു ഹ്യുണ്ടായ് ക്രെറ്റ എസ് യു വി, ആറ് മൊബൈൽ ഫോണുകൾ, രണ്ട് ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പ്രതികളിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഒഡിഷയിൽ നിന്ന് യുപിയിലേക്ക് കടത്ത്

ഒഡിഷയിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നും ബിഹാറിലേക്കും കിഴക്കൻ ഉത്തർപ്രദേശിലേക്കും മയക്കുമരുന്ന് കടത്ത് ശൃംഖലകൾ വലിയ തോതിൽ കഞ്ചാവ് നീക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്, ദിവസങ്ങൾ നീണ്ട ഇന്‍റലിജൻസ് ശേഖരണത്തിന് ശേഷമാണ് ഓപ്പറേഷൻ നടത്തിയതെന്ന് യുപി എസ് ടി എഫ് അഡീഷണൽ എസ് പി രാജ് കുമാർ മിശ്ര എൻഡിടിവിയോട് പറഞ്ഞു. ഒഡിഷയിലെ സാംബൽപൂർ-ബൗധ് എന്നിവിടങ്ങളിൽ നിന്ന് ബിഹാറിലെ ഡെഹ്രിയിലേക്ക് കഞ്ചാവുമായി പോവുകയായിരുന്ന ട്രക്കിന്‍റെ നീക്കം എസ് ടി എഫ് നിരീക്ഷിച്ചു. വിവരം സ്ഥിരീകരിച്ചതിനെ തുടർന്ന് ബിഹാർ പൊലീസുമായി ചേർന്ന് സംയുക്തമായി വാഹനങ്ങൾ തടയുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, അറസ്റ്റിലായ ധീരജ് കുമാർ ഗുപ്ത താനാണ് സംഘടിത മയക്കുമരുന്ന് കടത്ത് സംഘത്തിന് നേതൃത്വം നൽകുന്നതെന്നും സഞ്ജീവ് തിവാരി പങ്കാളിയാണെന്നും സമ്മതിച്ചു. ഉപ്പ് ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവ് സരോജ്, അശോക് എന്നീ വിതരണക്കാരിൽ നിന്ന് ഒഡിഷയിൽ നിന്നാണ് സംഘടിപ്പിച്ചത്. റോഹ്താസ് ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരനായ ബൽറാം പാണ്ഡെയ്ക്ക് ഇത് കൈമാറാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

ബൽറാം പാണ്ഡെ കഞ്ചാവ് ബിഹാറിലുടനീളവും ചന്ദൗലി, വാരണാസി, ഗാസിപ്പൂർ ഉൾപ്പെടെയുള്ള യുപി അതിർത്തി ജില്ലകളിലും വിതരണം ചെയ്യുന്നതായി പൊലീസ് പറഞ്ഞു. പരിശോധനകൾ മുൻകൂട്ടി കണ്ട് ട്രക്കിന് മുന്നിൽ സഞ്ചരിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് സംഘം ക്രെറ്റ കാർ പൈലറ്റ് വാഹനമായി ഉപയോഗിച്ചിരുന്നത്. ഗയയിലെ ബരാചട്ടി പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം നടക്കുകയാണ്.