തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ബിജെപി നേതാവ് സുവേന്ദു അധികാരിയെ പ്രശംസിച്ച് രംഗത്തെത്തി. തൃണമൂലിൽ ഒന്നിച്ചു പ്രവർത്തിച്ച കാലത്തെ സൗഹൃദവും തനിക്ക് നൽകിയ പിന്തുണയും അഭിമുഖത്തിൽ വെളിപ്പെടുത്തിയ മഹുവയുടെ പ്രസ്താവന, ബംഗാളിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അപ്രതീക്ഷിത കൂറുമാറ്റങ്ങളുടെയും രാഷ്ട്രീയ നീക്കങ്ങളുടെയും കാലമാണിത്. അതിനിടെ തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പ്രശംസിച്ച് രംഗത്തെത്തിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തൃണമൂൽ സ്ഥാപക മമത ബാനർജിയുടെ വിശ്വസ്തയായി അറിയപ്പെടുന്ന മഹുവ മൊയ്ത്ര, സുവേന്ദു അധികാരിയുമായി തനിക്കുള്ള സൌഹൃദം വെളിപ്പെടുത്തിയത് ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃണമൂൽ കോണ്‍ഗ്രസിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളായ മഹുവയുടെ ഈ പ്രസ്താവന ബംഗാൾ രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. വ്യക്തിപരമായി സുവേന്ദു അധികാരിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും ഒന്നിച്ച് തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മഹുവ അഭിമുഖത്തിൽ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിൽ സുവേന്ദു നൽകിയ പിന്തുണയെക്കുറിച്ചും മഹുവ വിവരിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ രാത്രി മുഴുവൻ കരഞ്ഞുവെന്നും ആ സമയത്ത് തന്നെ ആശ്വസിപ്പിക്കാനും ധൈര്യം തരാനും സുവേന്ദു അധികാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും മഹുവ വെളിപ്പെടുത്തി.

2016-ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കരീംപൂരിൽ നിന്നാണ് മഹുവ ആദ്യമായി ജനവിധി തേടിയത്. അന്ന് രാഷ്ട്രീയത്തിൽ തുടക്കക്കാരിയായിരുന്ന തനിക്കായി പ്രചാരണത്തിന് മുതിർന്ന ടിഎംസി നേതാക്കളാരും വന്നിരുന്നില്ലെന്നും എന്നാൽ സുവേന്ദു അധികാരിയാണ് തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലി നടത്തിയതെന്നും മഹുവ പറഞ്ഞു. ഇന്നും ആ റാലിയുടെ ചിത്രങ്ങൾ എടുത്തുനോക്കിയാൽ താനും സുവേന്ദുവും മാത്രമാണ് അതിലുള്ളതെന്ന് കാണാമെന്നും അവർ കൂട്ടിച്ചേർത്തു. 2020-ൽ മമതയുമായുള്ള ഭിന്നതകളെ തുടർന്ന് ടിഎംസി വിട്ട സുവേന്ദു ബിജെപിയിൽ ചേരുകയായിരുന്നു.

ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർ പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഹുവയുടെ പരാമർശം എന്നത് ശ്രദ്ധേയമാണ്. നിലവിൽ വിമത ക്യാമ്പ് മമതയെ പാർട്ടി അധ്യക്ഷ പദവിയിൽ നിന്ന് നീക്കുകയും അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി അവർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കഴിഞ്ഞു. 80 ടിഎംസി എംഎൽഎമാരിൽ 60 പേരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതരുടെ അവകാശവാദം. മമതയുടെ കടുത്ത വിശ്വസ്തരായിരുന്ന അരൂപ് ബിശ്വാസ്, ഫിർഹാദ് ഹക്കീം തുടങ്ങിയ മുതിർന്ന നേതാക്കളും ഇപ്പോൾ വിമത ചേരിക്കൊപ്പമാണ്.

ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും മഹുവ മൊയ്ത്ര അഭിമുഖത്തിൽ വ്യക്തമാക്കി. ബിജെപിക്ക് ശക്തമായ കേഡർ സംവിധാനമുണ്ടെന്നും കൃത്യമായ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അവർ പ്രവർത്തിക്കുന്നതെന്നും മഹുവ പറഞ്ഞു. ബിജെപി ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നത്. അതേസമയം തൃണമൂൽ കോൺഗ്രസ് കോൺഗ്രസുമായി ലയിക്കാൻ പോകുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മഹുവ തള്ളിക്കളഞ്ഞു. നിലവിൽ മഹുവ പാർട്ടി വിടുമെന്ന സൂചനകളൊന്നും ഇല്ലെങ്കിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സുവേന്ദുവുമായുള്ള ഊഷ്മള സൌഹൃദം പുതുക്കിയത് ബംഗാളിൽ വലിയ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്.