ലോക്സഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.

ദില്ലി: ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് പ്രതിസന്ധി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന്‍റെ അംഗസംഖ്യ ഇതോടെ 42 ആയി കുറഞ്ഞു. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻറെയും നേതൃത്വത്തില്‍ ആണ് എംഎല്‍എമാർ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 34 ആയി. സ്വതന്ത്രരുടെ പിന്തുണ പോയതോടെ ബിജെപി സര്‍ക്കാരിന്‍റെ ഭൂരിപക്ഷവും നഷ്ടമായി. എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കില്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുക.അതിനാല്‍ തന്നെ ഇനിയുള്ള നീക്കവും ബിജെപി സര്‍ക്കാരിന് നിര്‍ണായകമായിരിക്കും.

ലോക്സഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു. സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തില്‍ തുടരാൻ അർഹതയില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിന്തുണച്ച പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വാഗം ചെയ്തു. സര്‍ക്കാരിനെ ഹരിയാനയിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു.

അതേസമയം, ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി ആരോപിച്ചു.
നിറവേറ്റുന്നത് ചിലരുടെ ആഗ്രഹങ്ങള്‍ മാത്രമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തില്‍ ഇടിവ്; വൈകിട്ട് വരെ ആകെ രേഖപ്പെടുത്തിയത് 60%

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates