ദില്ലി: ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ദില്ലി എംയിസ് ആശുപത്രിയിലെ മെഡിക്കൽ ബുള്ളറ്റിൻ. വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടി ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

വാഹനാപകടത്തിൽ പരിക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ വിദഗ്ധ ചികിത്സക്കായി പെൺകുട്ടിയെ ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി ഒമ്പതുമണിയോടെ എയർ ആംബുലൻസിലാണ് പെൺകുട്ടിയെ എയിംസിലെത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് ചികിത്സ ദില്ലി എംയിസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

അതേസമയം, ഉന്നാവ് കേസുകളുടെ വിചാരണ നടപടികള്‍ ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെയും സാക്ഷികളുടെയും സുരക്ഷസംബന്ധിച്ച് സിബിഐയോടും ഉത്തർപ്രദേശ് ഡിജിപിയോടും വിശദീകരണം തേടി. അതേസമയം നിരന്തരം കത്തെയുഴുതിയിട്ടും പെണ്‍കുട്ടിയെ നേരത്തെ തന്നെ ദില്ലിയിലെത്തിക്കാൻ യുപി മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്ന് ദില്ലി വനിത കമ്മീഷൻ അധ്യക്ഷ  ആരോപിച്ചു.