ഡോ. വരുണേഷ് ദുബെ സ്ത്രീവേഷം ധരിച്ച് സർക്കാർ നൽകിയ വസതിയിൽ മറ്റ് പുരുഷന്മാരുമായി അശ്ലീല വീഡിയോകൾ ചിത്രീകരിച്ചിരുന്നുവെന്ന് ഭാര്യ ആരോപിച്ചു.

ലക്നൗ: ഉത്തർപ്രദേശിലെ ഒരു സർക്കാർ ഡോക്ടർക്കെതിരെ ഭാര്യയുടെ ആരോപണങ്ങൾ. ഡോക്ടര്‍ ക്രോസ് ഡ്രസ്സിംഗ് ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ ഇന്‍റർനെറ്റിൽ വൈറലായതിന് പിന്നാലെയാണ് ഭാര്യ ആരോപണം ഭാര്യ ഉന്നയിച്ചത്. ഡോ. വരുണേഷ് ദുബെ സ്ത്രീവേഷം ധരിച്ച് സർക്കാർ നൽകിയ വസതിയിൽ മറ്റ് പുരുഷന്മാരുമായി അശ്ലീല വീഡിയോകൾ ചിത്രീകരിച്ചിരുന്നുവെന്ന് ഭാര്യ സിമ്പി പാണ്ഡെ ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ ഡോക്ടർ നിഷേധിക്കുകയും ഡീപ്ഫേക്ക് വീഡിയോകൾ ഉപയോഗിച്ച് തന്‍റെ സ്വത്ത് തട്ടിയെടുക്കാൻ ഭാര്യ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.

ഡോക്ടർ സ്ത്രീവേഷത്തിൽ പോസ് ചെയ്യുന്നതെന്ന പേരിൽ ചില ചിത്രങ്ങൾ വൈറലായിട്ടുണ്ട്. എന്നാൽ, ഇത് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സന്ത് കബീർ നഗർ ജില്ലയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൂപ്പർവൈസറായിരുന്ന ഡോ. വരുണേഷ്, സിമ്പി പാണ്ഡെയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഗോരഖ്പൂരിലെ വീട്ടിൽ തന്നെ ഉപേക്ഷിച്ച് ഭർത്താവ് സർക്കാർ താമസസ്ഥലത്ത് അശ്ലീല വീഡിയോ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നുവെന്നാണ് ഭാര്യയുടെ ആരോപണം. ഈ വീഡിയോകൾ ഓൺലൈനിൽ വിറ്റ് അദ്ദേഹം പണം സമ്പാദിച്ചിരുന്നുവെന്നും അവർ പറയുന്നു. 

വീഡിയോകൾ ചിത്രീകരിച്ചിട്ടുള്ളത് വീട്ടിൽ വെച്ചാണ്. ഭർത്താവിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തന്നെയും തന്‍റെ സഹോദരനെയും മർദ്ദിച്ചുവെന്നും സിമ്പി പറഞ്ഞു. ഭാര്യയുടെ പരാതിയെ തുടർന്ന് പൊലീസ് ഡോക്ടറുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 

"തന്‍റെ ഭർത്താവ് ഒരു ട്രാൻസ്‌ജെൻഡർ ആണെന്നും, പുരുഷന്മാരെ വീട്ടിലേക്ക് വിളിച്ച് പോൺ വീഡിയോകൾ ഉണ്ടാക്കി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമായിരുന്നുവെന്നും യുവതി പറഞ്ഞു. ഭാര്യ ചോദിച്ചപ്പോൾ ഭാര്യയെയും കുടുംബത്തെയും അടിച്ചു. വിഷയത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് കേസെടുത്തിട്ടുണ്ട്" - അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സുശീൽ കുമാർ സിംഗ് പറഞ്ഞു.

എന്നാല്‍, ജയിൽ മെഡിക്കൽ ഓഫീസർ കൂടിയായ ഡോ. വരുണേഷ് ദുബെ ഈ ആരോപണങ്ങൾ വ്യാജമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയും അവസാനം വരെ പോരാടി തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും വ്യക്തമാക്കി. താൻ ഇല്ലാത്തപ്പോൾ അജ്ഞാതരായ പുരുഷന്മാർ വീട്ടിൽ വരുന്നത് സംബന്ധിച്ച് ഭാര്യയുമായി തർക്കമുണ്ടായിരുന്നുവെന്നും, എന്നാൽ പിതാവ് മരിക്കുകയും കോടിക്കണക്കിന് രൂപയുടെ കുടുംബ സ്വത്ത് തനിക്ക് ലഭിക്കുകയും ചെയ്തതോടെ സ്ഥിതി വഷളായെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. തന്‍റെ ജീവന് നേരെ ഒരു വധശ്രമവും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ മഹേന്ദ്ര പ്രസാദ് ഉറപ്പുനൽകി.