മുംബൈ: മുകേഷ് അംബാനിയുടെ വീടിന്‍റെ സുരക്ഷ ചുമതലയിലുള്ള സിആര്‍പിഎഫ് ഭടന്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ജുനഗഡ് സ്വദേശിയായ ദേവദന്‍ ബക്കോത്ര എന്ന 31കാരനായ സിആര്‍പിഎഫ് ജവാനാണ് മരണപ്പെട്ടത്.  സ്വന്തം തോക്കില്‍ നിന്ന് തന്നെയാണ് ഇയാള്‍ക്ക് അബദ്ധത്തില്‍ വെടിയേറ്റത് എന്നാണ് പൊലീസ് പറയുന്നത്.

Read More: ഇത് റിലയന്‍സിന്‍റെ കാലം !; പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

മുംബൈ പെഡര്‍ റോഡിലുള്ള അംബാനിയുടെ വീടായ ആന്‍റിലയുടെ സുരക്ഷയ്ക്കായി ഗേറ്റിന് മുന്നില്‍ പാറാവിലായിരുന്നു ദേവദന്‍ എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. പാറാവിനിടെ ദേവദന്‍ നടക്കുമ്പോള്‍ കാലിടറി വീഴുകയായിരുന്നു. ഈ സമയം കൈയ്യിലുള്ള തോക്കിന്‍റെ കാഞ്ചിയില്‍ കൈയ്യുടക്കി അതില്‍ നിന്നും വെടിയുണ്ട പാഞ്ഞു. ഇത് തറച്ചത് ദേവദന്‍റെ നെഞ്ചിലാണ്. ഇയാളെ ഉടന്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.