സോപോർ : ജമ്മു കശ്മീരിലെ സോപോറിൽ ഇന്ന് രാവിലെ ബസ്സിൽ നിന്നിറങ്ങിക്കൊണ്ടിരുന്ന സിആർപിഎഫ് പട്രോൾ സംഘത്തിന് നേരെ ഒരു കെട്ടിടത്തിൽ ഒളിച്ചിരുന്നുകൊണ്ട് ഭീകരവാദികൾ നടത്തിയ അപ്രതീക്ഷിതമായ വെടിവയ്പ്പിനിടെ ഒരു സിആർപിഎഫ് പൗരൻ വീരമൃത്യു വരിച്ചു. വെടിവെപ്പിനിടയിൽ പെട്ടു പോയ ഒരു സാധാരണ പൗരനും ജീവൻ നഷ്ടമായി. പോരാട്ടം നടന്ന സ്ഥലത്തുനിന്ന് സിആർപിഎഫ് ഭടന്മാർ മൂന്നുവയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു.

പ്രദേശവാസിയായ ബഷീർ അഹമ്മദ് എന്ന അറുപതുകാരനാണ് തീവ്രവാദികളും സിആർപിഎഫും തമ്മിൽ നടന്ന പോരാട്ടത്തിനിടയിൽ വെടിയുണ്ടയേറ്റ് മരണപ്പെട്ടത്. ഒരു മാരുതി കാറിൽ ആ റോഡിലൂടെ വന്ന വയോധികനും മൂന്നുവയസ്സുമാത്രം പ്രായമുള്ള കൊച്ചുമകനും വെടിവെപ്പിനിടയിൽ പെട്ടപ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ശ്രമം നടത്തി. ആ പരിശ്രമത്തിനിടയിലാണ് മുത്തച്ഛന് വെടിയേറ്റത്. അദ്ദേഹത്തിന്റെ കൈ പിടിച്ചു വന്നുകൊണ്ടിരുന്ന കൊച്ചുമകൻ അത്ഭുതകരമായി വെടിയുണ്ടകൾ ഏൽക്കാതെ രക്ഷപ്പെട്ടു.

വെടിയേറ്റ് റോഡിൽ വീണ സ്വന്തം അപ്പൂപ്പന്റെ മൃതദേഹത്തിനുമേൽ കരഞ്ഞുകൊണ്ടിരുന്ന ആ കുഞ്ഞിനെ സിആർപിഎഫ് ഭടന്മാർ  സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ട് വെടിയേൽക്കാതെ കാത്തുരക്ഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

 

ഈ ചിത്രങ്ങൾ ചങ്കിടിപ്പോടെ മാത്രമേ ആർക്കും കണ്ടിരിക്കാനാകൂ. മൂന്നു വയസ്സുമാത്രമുള്ള ഒരു പിഞ്ചുകുഞ്ഞിനാണ് തന്റെ അപ്പൂപ്പനെ തീവ്രവാദികൾ വെടിവെച്ചു കൊല്ലുന്നത് നേരിട്ട് കാണേണ്ടി വന്നത്. ജീവൻ പോലും നഷ്ടമാകും എന്ന സാഹചര്യത്തിൽ ആ പോരാട്ട സ്ഥലത്ത് നിസ്സഹായനായി നിൽക്കേണ്ടി വന്നത്. വെടിയേറ്റ് മരിച്ചു കിടക്കുന്ന സ്വന്തം അപ്പൂപ്പന്റെ ചോരയിൽ കുളിച്ച ദേഹത്ത് കയറിയിരിക്കുന്ന ഈ കുഞ്ഞിന്റെ ചിത്രം കണ്ടാൽ ആരും ഒന്ന് നടുങ്ങിപ്പോകും.

 

"

 

അവിചാരിതമായ ഒരു ആക്രമണമാണ് തങ്ങളുടെ പെട്രോൾ സംഘത്തിന് നേരെ ഉണ്ടായതെന്ന് സോപോറിലെ സിആർപിഎഫ് വക്താവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സിആർപിഎഫിന്റെ 179-ാം ബറ്റാലിയന്റെ ജവാന്മാർക്ക് നേരെയാണ് രാവിലെ 7.35 അടുപ്പിച്ച് ആക്രമണം നടന്നത്. സിആർപിഎഫിന്റെ മൂന്നു ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കും ഏറ്റിട്ടുണ്ട്.  ആ പ്രദേശം തന്നെ സീൽ ചെയ്ത് പട്ടാളം വിശദമായ പരിശോധനകൾ നടത്തിക്കൊണ്ടിരികയാണ് ഇപ്പോൾ.