Asianet News MalayalamAsianet News Malayalam

നിയമസഭാ കക്ഷി യോഗം റദ്ദാക്കി, ഗെലോട്ടിനേയും സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചു, ഇടപെട്ട് സോണിയ ഗാന്ധി

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. 

crucial assembly meeting to decide the new chief minister in Rajasthan has been cancelled
Author
First Published Sep 25, 2022, 10:26 PM IST

ജയ്‍പൂര്‍: രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിച്ചു. അശോക് ഗെലോട്ടിനേയും, സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചു. യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗെലോട്ടുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. കാര്യങ്ങൾ തൻ്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെലോട്ട് കെ സി വേണുഗോപാലിനോട് പറഞ്ഞത്. 

എം എൽ എമാരോട് സംസാരിച്ച് നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർ തീരുമാനം. സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും ഗെലോട്ട് പക്ഷത്തെ എം എൽ എമാരെ കണ്ട് അഭിപ്രായം തേടും. വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിച്ച ശേഷം നിയമസഭാകക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്‍റിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും.

ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണം അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എം എൽ എമാരുടെ ആവശ്യം. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ഹൈക്കമാൻഡ് തീരുമാനം അശോക് ഗെലോട്ട് ഇടപെട്ട് അട്ടിമറിച്ചത് ഹൈക്കമാൻഡിന് നൽകിയ ഷോക്ക് ചെറുതല്ല. രാജസ്ഥാൻ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഗാന്ധി കുടുംബത്തിൻ്റെ നോമിനിയായി ഗെലോട്ട് ഇനി അധ്യക്ഷ സ്ഥാനത്തേക്കെത്തുമോയെന്നതും നിർണ്ണായകമാണ്.

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. ഗെലോട്ട് പക്ഷത്തുള്ള ചില എംഎല്‍എമാര്‍ സച്ചിനെ പിന്തുണക്കുമെന്ന സൂചന കിട്ടിയതോടെ നിയമസഭാ കക്ഷിയോഗം വിളിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. 

92 എംഎല്‍എമാരുടെ പിന്തുണ അശോക് ഗെലോട്ട് പക്ഷം അവകാശപ്പെട്ടു. മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്ന ഭീഷണിയും എംഎല്‍എമാര്‍ മുഴക്കി. പിന്നാലെ യോഗം ആരംഭിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ഹൈക്കമാന്‍ഡ് തീരുമാനപ്രകാരം യോഗം റദ്ദാക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios