പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാനെന്നാണ് പ്രതികൾ നൽകിയ മൊഴി.
മുംബൈ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാനെന്നാണ് പ്രതികൾ നൽകിയ മൊഴി. ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ചിന്തയാണ് കേതനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
പുണെ സ്വദേശിയായ ബിസിനസുകാരൻ കേതൻ വിശാൽ അഗർവാൾ (26) ഈ മാസം 18നാണ് കൊല്ലപ്പെട്ടത്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് പ്രതിശ്രുത വധു സിയ ഗോയൽ ആദ്യം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. എന്നാൽ, സിയയും അവരുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. പ്രമുഖ ബിൽഡർ വിശാൽ അഗർവാളിന്‍റെ മകനാണ് കേതൻ. കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വരുന്ന നവംബർ 25-ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജയ്പൂരില്‍ കൊട്ടാരവും അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും വരെ വിവാഹത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. സിയയുടെ ജന്മദിനം ആഘോഷിക്കാനായി മഹാബലേശ്വരിലേക്ക് യാത്ര പോകാനും കേതൻ പദ്ധതിയിട്ടിരുന്നു.
