ദില്ലി: രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ച പ്രധാനമന്ത്രിയുടെ വസതിയിൽ രണ്ട് നിര്‍ണായക യോഗങ്ങൾ. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയും രാഷ്ട്രീയ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതിയും ആണ് യോഗം ചേര്‍ന്നത്. മന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവും പങ്കെടുത്തിട്ടുണ്ട്. യോഗത്തിനെത്തിയവരുടെ എല്ലാം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. 

സുരക്ഷാ സമിതിയോഗവും രാഷ്ട്രീയകാര്യസമിതിയും യോഗം ചേർന്നതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വരുന്നതെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി വിളിച്ച യോഗത്തിനെത്തിയ മന്ത്രിമാരാരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 

ദൂരദർശൻ ഉൾപ്പടെയുള്ള എല്ലാ മാധ്യമങ്ങളും മോദിയുടെ പ്രസ്താവനയ്ക്കായി കാത്തിരിക്കുന്നു. ബിജെപിയുടെ ഔദ്യോഗികവെബ്സൈറ്റും ലൈവ് പ്രസ്താവനയ്ക്ക് തയ്യാറെടുക്കുകയാണ്. 12.20-ന് എഎൻഐ നൽകിയിരിക്കുന്ന സന്ദേശം എട്ട് മിനിറ്റിനകം മോദിയുടെ പ്രസ്താവന തുടങ്ങുമെന്നാണ്. അതായത് 12.28-ന് മോദിയുടെ പ്രസ്താവന തുടങ്ങും. 

എന്താണ് പ്രഖ്യാപിക്കാൻ പോകുന്നതെന്ന് ഇതുവരെ മോദി പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അതിനാൽ വമ്പൻ പ്രഖ്യാപനങ്ങളൊന്നും നടത്താൻ കഴിയില്ല. നയപരമായ ഒരു തീരുമാനങ്ങളും എടുക്കാനും പ്രഖ്യാപിക്കാനും മോദിക്ക് കഴിയുകയുമില്ല. അങ്ങനെ ചെയ്താൽ അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാകുകയും ചെയ്യും.