ദില്ലി: ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. പ്രതിഷേധങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ പുനസ്ഥാപിച്ചത്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനുള്ള തീരുമാനം ഭീകരവാദം അവസാനിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 

ജമ്മുകശ്മീര്‍ പുനസംഘടനാ തീരുമാനം വന്ന് ഒരാഴ്ചയാകുമ്പോള്‍ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നിറയൊഴിച്ചു എന്നായിരുന്നു വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട്  തള്ളിയ കശ്മീര്‍ പൊലീസ് ജനജീവിതം സമാധാനപരമെന്ന് വിശദീകരിച്ചു. സംഘര്‍ഷ വാര്‍ത്ത ആഭ്യന്തര, വിദേശ മാന്ത്രാലയങ്ങളും നിഷേധിച്ചിരുന്നു. എന്നാൽ ഈദിനു മുന്നോടിയായി കർഫ്യൂവിൽ ഇളവു നല്‍കിയത് സർക്കാർ പിൻവലിക്കുകയാണ്.

പലയിടത്തും പ്രതിഷേധം നടക്കും എന്ന സൂചനയെ തുടർന്നാണ് നടപടി. ചില മേഖലകളിൽ വൻജനക്കൂട്ടം പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പുനസംഘടനയെ ആഭ്യന്തരമന്ത്രി അമിത് ഷാ ശക്തമായി ന്യായീകരിച്ചു. 
 
കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ബിജെപി തള്ളി. ഇതിനിടെ വംശഹത്യയിലൂടെ കശ്മീരിനെ മാറ്റിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന പ്രസ്താവനയുമായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. ആര്‍എസ്എസിനെ നാസി പിന്തുടര്‍ച്ചയെന്നും പാക്ക് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കശ്മീര്‍ പുനസംഘടന ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും.