ജയ്പൂര്‍: ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ദമ്പതികള്‍ക്കും മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ കനത്ത ജാഗ്രത പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. ബുധനാഴ്ചയാണ് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ദമ്പതികള്‍ക്കും രണ്ടു വയസ്സുള്ള മകള്‍ക്കും രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന ജുന്‍ജുനു മേഖലയിലുള്ള വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 

സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുന്നതോടെ ആളുകള്‍ കൂട്ടം കൂടുന്നത് തടയാനാണ് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് എട്ടിനാണ് ഇവര്‍ ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്. ദമ്പതികളയെും മക്കളെയും ചികിത്സയ്ക്കായി ജയ്പൂരിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ പറഞ്ഞു.

കൊവിഡ് പടരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍‍‍ലോട്ട് നിര്‍ദ്ദേശം നല്‍കി. ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദ്ദേശം പൊതു ഇടങ്ങളിലും ആരാധനാലയങ്ങളിലും ഉച്ചഭാഷിണിയിലൂടെ അറിയിക്കും. പബ്ലിക്, സര്‍ക്കാര്‍ ലൈബ്രറികള്‍ അടച്ചിടും. മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിലെ പ്രവേശന നടപടികള്‍ നിര്‍ത്തി വെക്കും. 

അജ്മീര്‍, ക്വാട്ട, ഭരത്പുര്‍, ജുന്‍ജുനു എന്നിവിടങ്ങളില്‍ സ്രവ പരിശോധനയ്്ക്ക് സൗകര്യമൊരുക്കും. വിദേശത്ത് നിന്ന് വ്യോമമാര്‍ഗം എത്തുന്ന വിദേശികളെ പരിശോധിക്കാനുള്ള സംവിധാനം സമീപത്തെ മൂന്ന് ഹോട്ടലുകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍‍‍ലോട്ട് അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക