രാത്രിയോടെ റാണയെ കോടതിയിൽ ഹാജരാക്കിയ പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു

റായ്ഗഡ്: കേന്ദ്രമന്ത്രി നാരായൺ റാണയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. റായ്ഗഡിലെ മഹാഡിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ തല്ലണമെന്ന പ്രസ്താവനയെത്തുടർന്നായിരുന്നു ഉച്ചയ്ക്ക് രണ്ടരയോടെ മഹാരാഷ്ട്ര പൊലീസ് നാരായൺ റാണയെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ റാണയെ കോടതിയിൽ ഹാജരാക്കിയ പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാദം കേട്ട കോടതി ഇത് തള്ളുകയായിരുന്നു. ഒടുവിൽ എട്ടരമണിക്കൂറിന് ശേഷം കേന്ദ്രമന്ത്രിക്ക് ജാമ്യം നേടി പുറത്തിറങ്ങാനായി.

അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. നാളെയും സംസ്ഥാനത്താകെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതി. മുഖ്യമന്ത്രിയെ തല്ലണമെന്ന പ്രസ്താവനയെ തുടർന്ന് ശിവേസേനയും ശക്തമായി പ്രതിഷേധിച്ച് രംഗത്തുണ്ട്. പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടിയ സാഹചര്യത്തിൽ ബിജെപി ശിവസേന ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

'ഉദ്ദവ് താക്കറെയ്ക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ വര്‍ഷം പോലും അറിയില്ല, ഒരു പ്രസംഗത്തില്‍ അദ്ദേഹം അത് മറന്നുപോയി, താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ തല്ലുമായിരുന്നു'- ഇതായിരുന്നു നാരായണ്‍ റാണെയുടെ വിവാദ പ്രസ്താവന.

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യ്തത്. കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ഉച്ചയ്ക്ക് ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona