Asianet News MalayalamAsianet News Malayalam

യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാനെയും ഡ്രൈവറെയും ചോദ്യം ചെയ്ത് വിട്ടയച്ചു; ഇനിയും വിളിപ്പിക്കുമെന്ന് കസ്റ്റംസ്

നിലവിൽ കസ്റ്റഡിയിലുളള സ്വപ്ന സുരേഷും സരിത്തും നൽകിയ ചില നിർണായക മൊഴികളാണ് കസ്റ്റംസിന് പിടിവളളിയാകുന്നത്. കോൺസൽ ജനറലിനടക്കം പലപ്പോഴായി  ലഭിച്ച കമ്മീഷൻ തുക മാത്രമല്ല അല്ലാതെയും കളളപ്പണം വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം. 

customs questioned uae consulate former gunman and driver
Author
Kochi, First Published Dec 4, 2020, 8:13 PM IST

കൊച്ചി: യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനേയും ഡ്രൈവ‍ർ സിദ്ധിഖിനേയും ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു. ഇരുവരെയും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു. ഡോള‍ർ കടത്തിന്‍റെ മറവിൽ റിവേഴ്സ് ഹവാല അടക്കം വൻ കളളപ്പണ ഇടപാട് നടന്നെന്ന സംശയത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്.

നിലവിൽ കസ്റ്റഡിയിലുളള സ്വപ്ന സുരേഷും സരിത്തും നൽകിയ ചില നിർണായക മൊഴികളാണ് കസ്റ്റംസിന് പിടിവളളിയാകുന്നത്. കോൺസൽ ജനറലിനടക്കം പലപ്പോഴായി  ലഭിച്ച കമ്മീഷൻ തുക മാത്രമല്ല അല്ലാതെയും കളളപ്പണം വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം. സ്വപ്നയും സരിത്തും അടങ്ങുന്ന പ്രതികൾ നയതന്ത്ര ചാനലിനെ ഇതിനായി ഉപയോഗിച്ചു. റിവേഴ്സ് ഹവാല മാർഗത്തിലൂടെയും സ്വർണക്കളളക്കടത്ത് നടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന മൊഴികളാണ് സ്വപ്നയിൽ നിന്നും സരിത്തിൽ നിന്നും കിട്ടിയിരിക്കുന്നത്.

നയതന്ത്ര ചാനലിലൂടെ വിദേശത്തെത്തിക്കുന്ന ഡോളർ ഉപയോഗിച്ച് വൻതോതിൽ സ്വർണം വാങ്ങുന്നു.  ഈ സ്വർണം നയതന്ത്ര ബാഗിന്‍റെ മറവിൽ തിരികെ രാജ്യത്തെത്തിക്കുന്നു.  കളളപ്പണം വൻതോതിൽ സ്വർണ നിക്ഷേപമാക്കി മാറ്റുന്നു. ഈയിടപാടിൽ നിരവധിപ്പേർക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോൺസൽ ജനറലിന്‍റെ ഗൺമാനെയും ഡ്രൈവറേയും വിളിച്ചുവരുത്തിയത്. 

കോൺസൽ ജനറൽ അടക്കമുളളവർ വിദേശത്തേക്ക് പലപ്പോഴും പോയപ്പോഴും ഇവർ വിമാനത്താവളം വരെ പോയിരുന്നു. സ്വപ്നയും സരിത്തും അടക്കമുളളവർ വിദേശത്തേക്ക് കൊണ്ടുപോയ ബാഗേജുകളുടെ വിശദാംശങ്ങൾ കൂടിയാണ് തേടുന്നത്. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന കണക്കുകൂട്ടിലാണ് അന്വേഷണസംഘം.

Follow Us:
Download App:
  • android
  • ios