Asianet News MalayalamAsianet News Malayalam

ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ തുടരണം; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രമേയം

പ്രവര്‍ത്തക സമിതിയില്‍ കത്തുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.

cwc demand soniya gandhi should continue as congress interim chief
Author
Delhi, First Published Aug 24, 2020, 6:03 PM IST

ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരണമെന്ന് പ്രവര്‍ത്തക സമിതി. പുതിയ പ്രസിഡന്‍റ് വരുംവരെ സോണിയ തുടരണമെന്ന് ആവശ്യപ്പെട്ട് സമിതിയില്‍ പ്രമേയം പാസാക്കി. എന്നാല്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ എഐസിസി സമ്മേളം വിളിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. 

സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ട് കത്ത് എഴുതിയവർക്ക് എതിരെ അച്ചടക്ക നടപടി വേണമെന്ന് അംബിക സോണി ആവശ്യപ്പെട്ടു. കത്ത് എഴുതിയതുമായി ബന്ധപ്പെട്ട് നടപടി ഉണ്ടായാലും പാർട്ടിയിൽ തുടരുമെന്ന് ഗുലാംനബിയും ആനന്ദ് ശർമ്മയും അറിയിച്ചു. കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ട് 23 നേതാക്കളാണ് ഹൈക്കമാന്‍റിന് കത്തെഴുതിയത്. 

പ്രവര്‍ത്തക സമിതിയില്‍ കത്തുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.  സോണിയഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് കത്ത് നല്‍കിയത് ഉചിതമായില്ല, കത്തെഴുതിയവർ സഹായിച്ചത് ബിജെപിയെ ആണെന്നും  രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ  കപിൽ സിബൽ രംഗത്തെത്തുകയായിരുന്നു.

30 കൊല്ലത്തിൽ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നല്‍കിയിട്ടില്ലെന്നും എന്നിട്ടും ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണ് രാഹുല്‍ പറഞ്ഞതെന്നുമായിരുന്നു കപില്‍ സിബലിന്‍റെ ട്വീറ്റ്. കോൺഗ്രസ് അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത പ്രവര്‍ത്തക സമിതിയോഗത്തെ സോണിയ നേരത്തെ അറിയിച്ചിരുന്നു. ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം കെസി വേണുഗോപാൽ ആയിരുന്നു പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചത്. പുതിയ നേതാവിനെ നിശ്ചയിക്കണമെന്നും അതിനുള്ള നടപടികൾ തുടങ്ങണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.എന്നാല്‍ സോണിയ തന്നെ സ്ഥാനത്ത് തുടരണമെന്നാണ് പ്രവര്‍ത്തക സമിതിയില്‍ നേതാക്കള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios