ദില്ലി: രാജ്യത്തെ സൈബർ ഇടങ്ങളിൽ സ്ത്രീക്കെതിരെയുള്ള അതിക്രമം കൂടുന്നതായി കണക്കുകൾ. ലോക്ഡൗൺക്കാലത്ത് ഇതുമായി ബന്ധപ്പെട്ട മുന്നൂറിലധികം പരാതികളാണ് ദേശീയ വനിതാ കമ്മീഷന് ലഭിച്ചത്. ദില്ലി പൊലീസിന് ഈ  കാലയളവിൽ കിട്ടിയ 120 ലധികം പരാതികളിൽ അന്വേഷണം നടക്കുകയാണെന്ന്  സൈബർ ക്രൈം ഡിസിപി ഭീഷ്മാ സിങ്ങ് പറയുന്നു. 

ഇന്റാഗ്രാമിൽ സജീവമായിരുന്നു. ഒരു ദിവസം അറിയാത്ത അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങൾ വന്നു. നോക്കിയപ്പോൾ മോർഫ് ചെയ്ത് ചിത്രങ്ങൾ ,  സെറ്റിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി ശരിക്കും പേടിച്ച് തകർന്ന അവസ്ഥയായിരുന്നു. ലോക്ഡൗൺകാലത്ത് സൈബർ ആക്രമണത്തിന് ഇരയായ യുവതിയുടെ വാക്കുകളാണ് ഇത്.

സ്ത്രീക്കൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ രാജ്യത്ത് വര്‍ധിക്കുന്നുവെന്നാണ് ദേശീയ വനിത കമ്മീഷന്‍റെ കണക്കുകള്‍‌ വ്യക്തമാക്കുന്നത്.  കഴിഞ്ഞവര്‍ഷം 459 പരാതികളാണ്  കമ്മീഷന് മുന്നിലെത്തിയതെങ്കില്‍ ഈ വര്‍ഷം ഓഗസ്ററ് വരെ 505 പരാതികളെത്തി. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ അൺലോക് രണ്ട് പ്രഖ്യാപിച്ച ജൂലൈ വരെ  378 പരാതികളാണ് ലഭിച്ചത് . ഇക്കാലയളവില്‍ കേരളത്തില്‍ നി്ന്ന 6 പരാതികളെത്തി. ഏറ്റവും കൂടുതൽ പരാതികൾ കിട്ടിയത് രാജ്യതലസ്ഥാനമായ ദില്ലിയിൽ നിന്നാണ്.  126 പരാതികള്‍ ദില്ലിയിൽ നിന്ന് കമ്മീഷന് മുന്നിലെത്തി. 120 ലധികം പരാതികള്‍ കിട്ടിയതായി ദില്ലി പോലീസിന്‍റെ കണക്കും വ്യക്തമാക്കുന്നു. .മഞ്ഞു മലയുടെ അറ്റം മാത്രമാണിതെന്നും  ഭയം മൂലം പലരും പരാതി നല്‍കുന്നില്ലെന്ന്  ദില്ലി പൊലീസ് സൈബർ ക്രൈം ഡിസിപി ഭീഷ്മാ സിങ്ങ് പറയുന്നു.

മോർഫ് ചെയ്ത ചിത്രങ്ങളോ സ്വകാര്യ ചിത്രങ്ങളോ  പകർത്തിയുള്ള ഭീഷണി മാത്രമല്ല സ്ത്രീകൾക്ക് നേരെ ഉണ്ടാവുന്നത്. ചാറ്റിംഗ് വഴി സൗഹൃദം സ്ഥാപിച്ച് ഇതിലൂടെ കംപ്യൂട്ടറിലേയോ ഫോണിലെയോ വ്യക്തി വിവരങ്ങള് ചോർത്തിയ സംഭവങ്ങളുമുണ്ട്. സൈബർ ഇടങ്ങളിൽ സജീവമായ സ്ത്രീകൾ നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ വേറെയും. വ്യാജ ഐഡി വഴിയാണ് ഈ സംഘങ്ങളുടെ പ്രവർത്തനമെന്നതിനാല്‍ ഇവരെ കണ്ടെത്തുക പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.