ഭുവനേശ്വര്‍: പ്രതീക്ഷകള്‍ തകിടംമറിച്ച് ഇന്ത്യയുടെ കിഴക്കന്‍ തീരത്തേക്ക് അതിതീവ്രവേഗതയില്‍ പാഞ്ഞടുക്കുകയാണ് ഉംപുണ്‍ ചുഴലിക്കാറ്റ്. അതിതീവ്ര ചുഴലിക്കാറ്റായി രൂപാന്തരംപ്രാപിച്ച ഉംപുണിനെ നേരിടാന്‍ സുസജ്ജമായിരിക്കുകയാണ് കൊവിഡ് പോരാട്ടത്തിനിടയിലും ഒഡിഷ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അപകടമേഖലയിലെ 12 ജില്ലകളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് സംസ്ഥാനം. 

കാറ്റിന്‍റെ ദിശാമാറ്റം സംബന്ധിച്ച് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അന്തിമ മുന്നറിയിപ്പിനായി കാത്തിരിക്കുകയാണ് സംസ്ഥാനം. ഒഴിപ്പിക്കുന്ന ആളുകളെ താമസിപ്പിക്കാന്‍ 12 ജില്ലകളിലായി 809 താല്‍ക്കാലിക ഇടങ്ങളാണ് തയ്യാറാക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ സാമൂഹ്യഅകലവും ജാഗ്രതാ നിര്‍ദേശങ്ങളും പാലിച്ച് ആളുകളെ ഒഴിപ്പിക്കുന്നതും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നതുമാണ് ഒഡിഷയുടെ മുന്നിലുള്ള വെല്ലുവിളി. കൂടുതല്‍ കെട്ടിടങ്ങള്‍ ആവശ്യമാണ് എന്നും ദുരിതനിവാരണ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ചുമതലയുള്ള പ്രദീപ് ജെന അറിയിച്ചു. 

ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 10 സംഘങ്ങളെ ഒഡിഷയിലും ഏഴ് ടീമുകളെ പശ്ചിമ ബംഗാളിലും വിന്യസിച്ചിട്ടുണ്ട്. ഭുവനേശ്വനര്‍-ന്യൂ ദില്ലി പാതയില്‍ അനുവദിച്ച പ്രത്യേക ട്രെയിനിന്‍റെ റൂട്ട് മാറ്റി. 

ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന്‍റെ ദിഖയുടെ 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും ഏതാണ്ട് 230 കിലോമീറ്റർ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിച്ചേക്കാം എന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും.