ബെംഗളുരു/ദില്ലി: ആശ്വാസം. ഉംപുൺ ചുഴലിക്കാറ്റിന്‍റെ വേഗം കുറയുന്നു. സൂപ്പർ സൈക്ലോണെന്ന, ചുഴലിക്കാറ്റുകളുടെ ഗണത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിൽ നിന്ന് അതിതീവ്ര ചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് ഉംപുൺ മാറുകയാണെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇപ്പോൾ ഒഡിഷയിലെ പാരാദ്വീപിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഉംപുൺ ഉള്ളത്. അടുത്ത ആറ് മണിക്കൂറിനകം വേഗം കുറഞ്ഞ് ഉംപുൺ തീരം തൊടും. 

പശ്ചിമബംഗാളിലെ ഹൂഗ്ലിക്ക് അടുത്തുള്ള സുന്ദർബൻസിന് അടുത്താകും ഉംപുൺ തീരം തൊടുകയെന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇന്ന് ഉച്ചയോടെ ഒഡിഷ, ബംഗാൾ തീരത്തേക്ക് എത്തുമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും വേഗം കുറഞ്ഞതിനാൽ നാളെ രാവിലെയോടെ മാത്രമേ ചുഴലിക്കാറ്റ് തീരത്തെത്തൂ എന്നാണ് അറിയിപ്പ്. അപ്പോഴും അതിതീവ്ര ചുഴലിക്കാറ്റായിത്തന്നെയാകും ഉംപുൺ എത്തുക എന്നതിനാൽ അതീവജാഗ്രത ആവശ്യമാണ്. ഇന്നലെ രാത്രിയോടെ മണിക്കൂറിൽ 275 കിലോമീറ്റർ വേഗമായിരുന്നു ഉംപുണിന്‍റേതെങ്കിൽ തീരം തൊടുമ്പോൾ ഇത് ഏതാണ്ട് മണിക്കൂറിൽ 155 മുതൽ 180 കിലോമീറ്റർ വേഗത്തിൽ വരെയാകും എന്നാണ് കണക്കുകൂട്ടൽ. 

15 ലക്ഷത്തോളം പേരെയാണ് ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഒഡിഷ തീരത്തല്ല, വടക്കോട്ട് നീങ്ങുന്ന ഉംപുൺ പശ്ചിമബംഗാളിലാകും തീരം തൊടുക എന്നതിനാൽ കൂടുതൽ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. കൊവിഡ് പ്രതിസന്ധിക്കിടെ വരുന്ന ചുഴലിക്കാറ്റ് ഭീഷണിയുടെ സാഹചര്യത്തിൽ കനത്ത ജാഗ്രത തന്നെ പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പശ്ചിമബംഗാൾ സർക്കാരിനോട് നിർദേശിച്ചു. ''വലിയ രീതിയിലുള്ള നാശനഷ്ടം വരുത്തിവയ്ക്കാൻ ശേഷിയുള്ള ചുഴലിക്കാറ്റ് തന്നെയാണ് ഉംപുൺ. മെയ് 20-ന് രാവിലെയോടെ പശ്ചിമബംഗാളിലെ ദിഖ ദ്വീപുകൾക്കും ബംഗ്ലാദേശിലെ ഹാതിയ ദ്വീപുകൾക്കും ഇടയിൽ തീരം തൊടാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് വൻ വേഗത്തിൽത്തന്നെയാണ് തീരത്തെത്താൻ സാധ്യത. കടുത്ത ജാഗ്രത പാലിക്കണം'', എന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണവകുപ്പ് ഡയറക്ടർ ജനറൽ എം മഹാപാത്ര വ്യക്തമാക്കുന്നു. 

പശ്ചിമബംഗാളിൽ മാത്രം ഇന്നലെ വൈകിട്ട് നാലര വരെ 40,000 പേരെയാണ് വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്. ''എല്ലാ മത്സ്യത്തൊഴിലാളികളും തീരത്ത് തിരികെയെത്തിയെന്ന് ഉറപ്പാക്കി. എല്ലാ ചുഴലിക്കാറ്റ് കേന്ദ്രങ്ങളും സാനിറ്റൈസ് ചെയ്തു. പിപിഇകളും മാസ്കുകളും ഉറപ്പാക്കി, കൈകഴുകാനുള്ള വസ്തുക്കളും തയ്യാറാക്കി. സാഗർ, കാക്ദ്വീപ്, നാംഖാന, പഥേർപ്രതിമ, ഗൊസാബ എന്നിവിടങ്ങളിൽ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്'', എന്ന്, സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റ് പി ഉലഗനാഥൻ അറിയിച്ചു. 

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി, ഉംപുൺ ചുഴലിക്കാറ്റിനെ നേരിടാൻ വേണ്ട ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ''25 എൻഡിആർഎഫ് ടീമുകളെ നിലവിൽ പശ്ചിമബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. 12 ടീമുകൾ റിസർവിലുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലായി ഉള്ള 24 എൻഡിആർഎഫ് സംഘങ്ങളോട് തയ്യാറായി നിൽക്കാൻ നിർദേശിച്ചിട്ടുമുണ്ട്'', എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തത്. 

ഉംപുണിന്‍റെ തത്സമയസഞ്ചാരപഥം: