കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു. സുന്ദര്‍ബന്‍ തീരത്തും ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലും രാത്രി 11 മണിയോടെ ചുഴലിക്കാറ്റ് കര തൊടും. 135 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് കരയില്‍ പ്രവേശിക്കുക. അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും മഴ കനക്കുകയാണ്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത വിമാനത്താവളം നാളെ വൈകുന്നേരം ആറ് മുതല്‍ തിങ്കള്‍ രാവിലെ ആറ് വരെ അടച്ചിടും. തിങ്കളാഴ്ച്ച സ്കൂളുകള്‍ക്കും കോളേജുകൾക്കും, സ്ഥാപനങ്ങൾക്കും പശ്ചമിബംഗാളില്‍ അവധിയായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.