Asianet News MalayalamAsianet News Malayalam

'നിസർഗ' ഉടൻ മുംബൈ തീരത്തെത്തും, റായ്‍ഗഢിൽ കര തൊട്ടു, നഗരത്തിൽ പേമാരിയും കാറ്റും ‌|‌ Live

നിസർഗ കര തൊടാൻ തുടങ്ങിയതോടെ റായ്‍ഗഢ് ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങൾ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. തത്സമയം.

cyclone nisarga landfall heavy rain in mumbai maharashtra gujrat coast live updates
Author
Mumbai, First Published Jun 3, 2020, 12:57 PM IST

മുംബൈ/ ദില്ലി: തീവ്രചുഴലിയായി മാറിയ 'നിസർഗ' അതിവേഗം മുംബൈ തീരത്തേക്ക് നീങ്ങുന്നു. ഒന്നരയോടെ നിസർഗ മുംബൈ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കണക്കുകൂട്ടൽ. ചുഴലിക്കാറ്റ് റായ്‍ഗഢ് ജില്ലയിൽ കര തൊട്ടു. ജില്ലയുടെ തീരദേശങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ച് തുടങ്ങി. കര തൊടാൻ തുടങ്ങിയതോടെ റായ്‍ഗഢ് ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങൾ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. 110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്‍റെ വേഗമെന്നാണ് കണക്കുകൂട്ടൽ. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തിൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. 

മുംബൈ നഗരത്തിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ പെയ്യും. ശക്തമായ കാറ്റുമുണ്ടാകും. കൊളാബയിലെയും സാന്താക്രൂസിലെയും മഴമാപിനികൾ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് 33 മില്ലിമീറ്റർ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തിൽ പെയ്തത്. കടൽ കാര്യമായി കരയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും, നഗരത്തിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്. 

കൊവിഡ് മഹാമാരിയായി പടരുന്നതിനിടെയാണ് മുംബൈയിൽ ചുഴലിക്കാറ്റും ആഞ്ഞടിക്കുന്നത് എന്നതാണ് ആശങ്കയേറ്റുന്നത്. ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കൊന്നും, ആരോടും എത്തരുതെന്ന് ബൃഹൻമുംബൈ കോർപ്പറേഷൻ അധികൃതരും പൊലീസും ക‍ർശനനിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാമൻ & ദിയു, ദാദ്ര & നാഗർഹവേലി എന്നീ തീരങ്ങൾ അതീവജാഗ്രതയിലാണ്. 

എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. ''സംസ്ഥാനം ഇപ്പോൾ നേരിടുന്ന കൊവിഡ് വെല്ലുവിളിയേക്കാൾ വലുതാകാം ഇപ്പോഴത്തെ ചുഴലിക്കാറ്റ്. ലോക്ക്ഡൗൺ ഇളവുകൾ അടുത്ത രണ്ട് ദിവസത്തേക്ക് ഉണ്ടാകുന്നതല്ല. എല്ലാവരും ജാഗ്രതയിൽ തുടരണം'', എന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. 70,000-ത്തിലധികം കൊവിഡ് കേസുകളുണ്ട് നിലവിൽ മുംബൈയിൽ. 

മുംബൈയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടികൾ പലതും റദ്ദാക്കുകയോ, പുനഃക്രമീകരിക്കുകയോ ചെയ്തു. രാവിലെ 11.10 ന് ലോകമാന്യതിലകിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്പഷ്യൽ ട്രെയിൽ വൈകീട്ട് 6 മണിയ്ക്കേ പുറപ്പെടൂ. തിരുവന്തപുരം ലോകമാന്യതിലക് ട്രെയിൻ പൂനെ വഴി റൂട്ട് മാറ്റി ഓടും. വൈകീട്ട് 4:40 ന് ലോക്മാന്യതിലകിൽ എത്തേണ്ട ട്രെയിനാണ് ഇത്. പല വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 

മുംബൈ, താനെ, റായ്ഗഢ് എന്നീ ജില്ലകളിലെ തീരമേഖലകളിൽ, സാധാരണയിലേക്കാൾ, രണ്ട് മീറ്ററെങ്കിലും ഉയരത്തിൽ തിരകൾ ആ‌ഞ്ഞടിക്കാനാണ് സാധ്യത. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലായി 30 ദേശീയദുരന്തപ്രതികരണസേനാ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. 45 പേരാണ് ഒരു എൻഡിആർഎഫ് സംഘത്തിലുള്ളത്. ഗുജറാത്ത് അഞ്ച് സംഘങ്ങളെക്കൂടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ച പശ്ചിമബംഗാൾ തീരത്ത് ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിൽ നൂറ് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് പേർ ഇപ്പോഴും ക്യാമ്പുകളിലാണ്. 

ചുഴലിക്കാറ്റ് ഇപ്പോഴുള്ളത് ഇവിടെ:

Follow Us:
Download App:
  • android
  • ios