Asianet News MalayalamAsianet News Malayalam

'നിവാർ' ചുഴലിക്കാറ്റ് വരുന്നു, ചെമ്പരമ്പാക്കം തടാകം തുറന്നു, ജാഗ്രതാ നിർദ്ദശം

ചെന്നൈ നഗരത്തിലും തമിഴ്നാടിന്‍റെ വടക്കൻ മേഖലയിലെ തീരപ്രദേശങ്ങളിലും കനത്ത മഴയും മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം, തത്സമയവിവരങ്ങൾ...

cyclone nivar live updates chembarambakkam lake to be released around noon
Author
Chennai, First Published Nov 25, 2020, 12:14 PM IST

ചെന്നൈ: ബുധനാഴ്ച അർദ്ധരാത്രിയോടെയോ വ്യാഴാഴ്ച പുലർച്ചെയോ ആയി തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. നിലവിൽ തീവ്രചുഴലിക്കാറ്റായി മാറിയ നിവാർ തമിഴ്നാടിന്‍റെ തെക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. ചെന്നൈ നഗരം അതീവജാഗ്രതയിലാണ്. 

ചെന്നൈ നഗരത്തിന് തൊട്ടടുത്തുള്ള മഹാബലിപുരത്തിനും (തലസ്ഥാനത്ത് നിന്ന് 56 കിലോമീറ്റർ) പുതുച്ചേരിയിലെ കാരയ്ക്കലിനുമിടയിൽ ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നലെ മുതൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈ നഗരത്തിന്‍റെ തീരമേഖല അതീവജാഗ്രയിലാണ്. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഇന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാരയ്ക്കലിൽ തീരത്തുണ്ടായിരുന്ന മത്സ്യബോട്ടുകൾ ഒഴുകിപ്പോയി. എല്ലാ പിന്തുണയും തമിഴ്നാടിനും പുതുച്ചേരിക്കും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 

ചെമ്പരമ്പാക്കം തടാകം തുറന്നു

കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതിനാൽ ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകം തുറന്നു. 22 അടിയിൽക്കൂടുതൽ ജലനിരപ്പ് ഉയർന്നതോടെയാണ് തടാകം തുറന്നത്. തടാകത്തിന്‍റെ ആകെ സംഭരണശേഷി 24 അടിയാണ്. 

ചെന്നൈ നഗരത്തിലെ അടയാർ നദിക്ക് സമീപത്തുള്ള ചേരിപ്രദേശങ്ങൾ അടക്കം എല്ലാ താഴ്ന്ന പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രത്യേക ദൗത്യവുമായി എഞ്ചിനീയർമാരെയും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെയും അയച്ചിട്ടുണ്ട്. വെള്ളം നേരെ അടയാറിലേക്കാണ് തുറന്നുവിടുക. ആളന്തൂർ, വൽസരവാക്കം എന്നീ പ്രദേശങ്ങളിലും കനത്ത ജാഗ്രത വേണം. 

സൈദാപ്പേട്ടിൽ നിന്ന് 150ഓളം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കോട്ടൂർപുരത്തെ ചേരിപ്രദേശത്ത് നിന്ന് തീരത്തിന് തൊട്ടടുത്ത് കഴിയുന്ന മുപ്പതോളം പേരെ മാറ്റിപ്പാർപ്പിച്ചു. ചെന്നൈ നഗരത്തിൽ മാത്രം 77 ദുരിതാശ്വാസകേന്ദ്രങ്ങളാണുള്ളത്. തേയ്‍നാംപേട്ട്, അഡയാർ, കോടമ്പാക്കം എന്നീ പ്രദേശങ്ങളിൽ നിന്നായി 300 ഓളം പേരെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. 

ചെമ്പരമ്പാക്കം തുറക്കുന്നത് കണക്കുകൂട്ടി കാഞ്ചീപുരം ജില്ലാ അധികൃതരും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ ജില്ലയിൽ നിന്ന് രണ്ടായിരത്തോളം പേരെ വിവിധ ഇടങ്ങളിലേക്കായി മാറ്റിപ്പാർപ്പിച്ചു. 

2015-ൽ ചെന്നൈ നഗരത്തെ ആകെ വിഴുങ്ങിയ പ്രളയത്തിന് കാരണം ചെമ്പരമ്പാക്കം അടക്കമുള്ള തടാകങ്ങൾ കൃത്യം സമയത്ത് തുറക്കാതെ, വെള്ളം തുറന്നുവിടാതിരുന്നതാണ്. തെരഞ്ഞെടുപ്പ് വരുന്ന മെയ് മാസത്തിൽ പടിവാതിലിലെത്തി നി‌ൽക്കേ, അന്നത്തെ ഗുരുതരമായ വീഴ്ച ആവർത്തിക്കാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് സർക്കാർ. പൂണ്ടി, ചോളവാരം, റെഡ് ഹിൽസ്, ചെമ്പരമ്പാക്കം എന്നീ റിസർവോയറുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കൃത്യമായി വെള്ളം പുറത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്. 

നിവാർ ചുഴലിക്കാറ്റ് - അറിയേണ്ടത്

  • തമിഴ്നാട്ടിലെ എല്ലാ ബസ് സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. 
  • അവശ്യഗതാഗതസർവീസുകൾ മാത്രമേ അനുവദിക്കൂവെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്
  • ജനം പരമാവധി പുറത്തിറങ്ങരുതെന്ന് തമിഴ്നാട് സർക്കാരിന്‍റെ മുന്നറിയിപ്പുണ്ട്
  • വ്യാഴാഴ്ച രാവിലെ 6 മണി വരെ ജനം എവിടെയും കൂട്ടംകൂടരുത്
  • എല്ലാ കടകളും അടച്ചിടും
  • മിൽക്ക് ബൂത്തുകൾ, പെട്രോൾ പമ്പുകൾ, ആശുപത്രികൾ, അവശ്യമായി പ്രവർത്തിക്കേണ്ട സർക്കാർ ഓഫീസുകൾ എന്നിവ മാത്രമേ തുറക്കൂ
  • 1200 ദുരന്തപ്രതികരണസേനാംഗങ്ങളെ സംസ്ഥാനത്തും പുതുച്ചേരിയിലും ആന്ധ്രയിലുമായി വിന്യസിച്ചിട്ടുണ്ട്
  • അത്യാവശ്യമായി വന്നാൽ ഒഡിഷയിലെ കട്ടക്കിൽ നിന്നും, ആന്ധ്രയിലെ വിജയവാഡയിൽ നിന്നും കേരളത്തിൽ തൃശ്ശൂരിൽ നിന്നും അധികസംഘങ്ങൾ എത്തും
  • നാവികസേന സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്
  • വിപുലമായി ആശയവിനിമയത്തിനുള്ള സംവിധാനങ്ങളും ഊർജവിതരണസംവിധാനങ്ങളും തകരാറിലാവാൻ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടുന്നുണ്ട്
  • തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനുചുറ്റും അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്
  • മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകാൻ പാടില്ല. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അടിയന്തരമായി അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കണം.

നിവാർ ചുഴലിക്കാറ്റ് എവിടെയാണിപ്പോൾ? അറിയാം തത്സമയം, താഴെക്കാണുന്ന വിൻഡി മാപ്പ് സൂമിൻ ചെയ്യൂ..

 

Follow Us:
Download App:
  • android
  • ios