ദില്ലി: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് വീശിയടിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ കോൺഗ്രസ് പ്രവർത്തകരോട് തയ്യാറായിരിക്കാൻ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന. ചുഴലിക്കാറ്റിൽ എല്ലാവരും സുരക്ഷിതരായിരിക്കാൻ താൻ പ്രർത്ഥിക്കുന്നതായും അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു. 

നാളെ ഗുജറാത്തിലെ സൗരാഷ്ട്ര, കുച്ച് മേഖലകളിൽ നാളെ അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലക്ഷണക്കണക്കിന് ആളുകളെ ഈ മേഖലയിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. റെയിൽവെ പ്രത്യേക സർവ്വീസുകളുമായി രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ട്. തീരദേശ നഗരങ്ങളിലേക്കുള്ള സാധാരണ ട്രെയിൻ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണ്.

"വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സഹായം ലഭ്യമാക്കാൻ തയ്യാറായിരിക്കാൻ ഞാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരോടും ആവശ്യപ്പെടുകയാണ്. ചുഴലിക്കാറ്റിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു," രാഹുൽ ഗാന്ധി ട്വിറ്ററിൽ ഹിന്ദിയിൽ കുറിച്ചു.