ദില്ലി: ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നു. ദിശ മാറിയെങ്കിലും വായു പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റും മഴയും ഗുജറാത്തിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. കാറ്റും മഴയും 48 മണിക്കൂർ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.

സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് വൻ നാശനഷ്ടങ്ങൾ ഉണ്ടായത്. അഞ്ഞൂറിലധികം ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു.3 ലക്ഷം പേരെയാണ് ഗുജറാത്തിൽ മാറ്റിപ്പാർപ്പിച്ചത്. ട്രെയിൻ - റോഡ് ഗതാഗതവും തടസ്സപ്പെട്ടു. 86 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കുകയും 37 എണ്ണം തിരിച്ചുവിടുകയും ചെയ്തു.

അഞ്ച് വിമാനത്താവളങ്ങളും ഇന്നലെ അ‌ർധരാത്രി വരെ അടച്ചിട്ടു. കര,വ്യോമ,നാവിക സേനകളും ദേശീയ ദുരന്ത നിവാരണ സേനയും തീരസംരക്ഷണ സേനയും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.