ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറി തീരംതൊടാന്‍ കാത്തിരിക്കുകയാണ്. പ്രവചനങ്ങള്‍ തെറ്റിച്ച് മണിക്കൂറില്‍ 200ലധികം വേഗത്തിലാവും കാറ്റ് വീശുക. ഉംപുണിന്‍റെ സഞ്ചാരദിശയില്‍ കേരളം വരുന്നില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരാൻ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കൻ ജില്ലകളിൽ ഉൾപ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലർട്ട് ആണ്. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രാവിലെ മഴ തുടരുകയാണ്. 

അതേസമയം, ഉംപുണിന്‍റെ ഫലമായി തമിഴ്‌നാട്ടില്‍ ഉഷ്‌ണതരംഗം ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പടെ തമിഴ്നാടിന്‍റെ വടക്കന്‍ പ്രദേശങ്ങളിലും തെക്കന്‍ ആന്ധ്രയിലും ഉഷ്‌ണതരംഗം ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്. സാധാരണയിലും ചൂട് കൂടുന്നതോടെ ചെന്നൈയില്‍ താപനില 43 ഡിഗ്രി വരെയെത്തും എന്നാണ് നിഗമനം. 

ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കനത്ത മഴ പ്രവചിച്ചിട്ടുണ്ട്. ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടമേഖലയിലെ 12 ജില്ലകളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഒഡിഷ. ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 10 സംഘങ്ങളെ ഒഡിഷയിലും ഏഴ് ടീമുകളെ പശ്ചിമ ബംഗാളിലും വിന്യസിച്ചിട്ടുണ്ട്. 

'ഉംപുൺ' വൈകിട്ടോടെ സൂപ്പർ സൈക്ലോണാകും, ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തിയേറിയത്