Asianet News MalayalamAsianet News Malayalam

ടാറ്റാ കുടുംബത്തിന് പുറത്തുള്ള ഏക ചെയർമാൻ, നാല് വർഷത്തിന് ശേഷം പുറത്താക്കൽ, മരണം വരെ തുടർന്ന നിയമപോരാട്ടം

ടാറ്റാ കുടുംബത്തിന് പുറത്ത് നിന്ന് ഗ്രൂപ്പിന്റെ മേധാവിയാകുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി. നാല് വർഷം മാത്രം ചെയർമാനായിരുന്നു മിസ്ത്രിയെ ഒടുവിൽ ടാറ്റാ ഗ്രൂപ്പ് തന്നെ പുറത്താക്കി.

Cyrus Mistry only chairman outside the Tata family ousted after four years and a legal battle  followed until his death
Author
First Published Sep 4, 2022, 6:31 PM IST

മുംബൈ: ടാറ്റാ കുടുംബത്തിന് പുറത്ത് നിന്ന് ഗ്രൂപ്പിന്റെ മേധാവിയാകുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി. നാല് വർഷം മാത്രം ചെയർമാനായിരുന്നു മിസ്ത്രിയെ ഒടുവിൽ ടാറ്റാ ഗ്രൂപ്പ് തന്നെ പുറത്താക്കി. ഇതിനെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് മിസ്ത്രിയുടെ അപകടമരണം.  ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള  സൈറസ്, 1994-ൽ തന്റെ കുടുംബം നടത്തുന്ന അറിയപ്പെടുന്ന കൺസ്ട്രക്ഷൻ സ്ഥാപനമായ ഷാപ്പൂർജി പല്ലോൺജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ആയി.  

ടാറ്റ സൺസിന്റെ 18 .4 ശതമാനം ഓഹരികൾ സ്വന്തമായുണ്ടായുള്ള ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പ്രതിനിധിയായി, 2006 -ൽ അച്ഛൻ പല്ലോൺജി മിസ്ത്രി വിരമിച്ച ഒഴിവിലാണ് സൈറസ് ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്.  രത്തൻ ടാറ്റ വിരമിച്ചപ്പോൾ അതിന്റെ ചെയർമാനുമായി പേരിനൊപ്പം ടാറ്റയില്ലാതെ  ടാറ്റ ഗ്രൂപ്പിനെ ഇത്രയും ചെറുപ്പത്തിൽ നയിച്ചയാൾ എന്ന ഖ്യാതി സൈറസിനെ തേടിയെത്തി എങ്കിലും അത് അല്പായുസ്സായിരുന്നു. 

ഡയറക്ടർ ബോർഡിലെ ഭിന്നത കാരണം അദ്ദേഹത്തിന് ഏറെനാൾ ആ പദവിയിൽ തുടരാൻ സാധിച്ചില്ല. നാലു വർഷത്തോളം മാത്രം ഗ്രൂപ്പിന്റെ ചെയർമാനായി ഇരുന്ന അദ്ദേഹത്തെ, 2016  ഒക്ടോബർ 24 -നു ചേർന്ന ഡയറക്ടർ ബോർഡ് ചെയർമാൻ പദവിയിൽ നിന്ന് നീക്കി. തുടർന്ന്, രത്തൻ ടാറ്റ തന്നെ ഇടക്കാല ചെയർമാൻ ആവുകയും, പിന്നീട് ആ സ്ഥാനത്തേക്ക് എൻ. ചന്ദ്രശേഖറിനെ കൊണ്ടുവരികയും ചെയ്യുന്നു. ഈ നടപടിക്കെതിരെ സൈറസ് മിസ്ത്രി  നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബുണലിൽ, ടാറ്റ ഗ്രൂപ്പിനെതിരെ തന്നെ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെ 2017 ഫെബ്രുവരിയിൽ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിൽ നിന്നും മിസ്‌ത്രിയെ നീക്കി. ഈ നടപടികളിന്മേലുള്ള വാദം ഇപ്പോഴും തുടരുകയാണ്. പല മേഖലകളിൽ ബിസിനസ് നടത്തുന്ന  ടാറ്റ സൺസിന്റെ ഏറ്റവും ഊർജസ്വലമായ നേതൃമുഖങ്ങളിൽ ഒരാളായിരുന്നു മിസ്ത്രി.

Read more: സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

നാനോ കാർ നിർമ്മാണമുൾപ്പെടുയുള്ള വിഷയങ്ങളിൽ രത്തൻ ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയുടെ പുറത്താക്കലിലേക്ക് നയിച്ചത്. ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിന്‍റെ താക്കോൽ സ്ഥാനത്തേക്ക് രത്തൻ ടാറ്റയുടെ പിൻഗാമിയായി 2012ലാണ് സൈറസ് മിസ്ത്രി എത്തുന്നത്. ടിസിഎസ്, ജാഗ്വാർ ലാന്റ് റോവർ എന്നീ കമ്പനികളുടെ പ്രവർത്തനത്തിൽ ചെയർമാൻ എന്ന നിലയിൽ തനിക്ക് പൂർണ സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ പുറത്താക്കിയ ശേഷം സൈറസ് മിസ്ത്രി ഉന്നയിച്ചിരുന്നു. 

Read more:'വ്യവസായ ലോകത്തിന് വന്‍ നഷ്ടം'; മിസ്ത്രിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

Follow Us:
Download App:
  • android
  • ios