ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ച ആളായിരുന്നു സൈറസ് മിസ്ത്രിയെന്നും മോദി വ്യക്തമാക്കി.

ദില്ലി: വ്യാവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണം ഞെട്ടിച്ചെന്നും വ്യവസായ-വാണിജ്യ ലോകത്തിന് വലിയ നഷ്ടമാണെന്നും മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ച ആളായിരുന്നു സൈറസ് മിസ്ത്രിയെന്നും മോദി വ്യക്തമാക്കി. ഞായറാഴ്ചയാണ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചത്. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം.

സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

മിസ്ത്രി സഞ്ചരിച്ച മെഴ്സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാറില്‍ മിസ്ത്രിയോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. മിസ്ത്രിയുടെ മരണത്തില്‍ അനുശോചിച്ച് പൗരപ്രമുഖര്‍ രംഗത്തെത്തി. 

Scroll to load tweet…

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ എന്നിവരും അനുശോചനവുമായി രംഗത്തെത്തി. ഇന്ത്യയുടെ വളർച്ചയില്‍ നിർണായക സംഭാവന നൽകിയ മികച്ച വ്യവസായികളില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ വ്യവസായത്തിന് തിളങ്ങുന്ന നക്ഷത്രത്തെയാണ് നഷ്ടപ്പെട്ടതെന്നും മിസ്ത്രിയുടെ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ഗോയല്‍ ട്വീറ്റ് ചെയ്തു. വ്യാവസായിക ലോകത്തിന് കനത്ത നഷ്ടമാണ് മിസ്ത്രിയുടെ മരണമെന്ന് ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.