കോൺഗ്രസ് കൃത്യം ഭൂരിപക്ഷം നേടി ജയിക്കും. 140 സീറ്റുകൾ നേടും. എഴുതിവച്ചോളൂ...
ബെംഗളുരു : രണ്ടാമത്തെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ സർപ്രൈസ് സ്ഥാനാർഥികളുണ്ടാകുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. ബിജെപിയിൽ ചിലരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും, എന്നാൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും ശിവകുമാർ പറഞ്ഞു. തന്നെയും സിദ്ധരാമയ്യയെയും ബിജെപി നേതൃത്വത്തിന് ഭയമാണെന്നും അതിനാലാണ് തങ്ങൾക്കെതിരെ മുൻ മന്ത്രിമാരെ അടക്കം കളത്തിലിറക്കിയിരിക്കുന്നതെന്നും ശിവകുമാർ പരിഹസിച്ചു. പൂർണവിശ്വാസമുള്ളവർക്ക് മാത്രമാണ് ഇത്തവണ സീറ്റ് നൽകിയതെന്നും ഓപ്പറേഷൻ താമരയുടെ പ്രശ്നമുദിക്കുന്നില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
ഡി കെ ശിവകുമാറുമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാവിത്രി നടത്തിയ അഭിമുഖത്തിൽ നിന്ന്
ചോദ്യം: ഒടുവിൽ ബിജെപി പട്ടിക വന്നു. കണ്ടിരുന്നോ? എന്താണ് ബിജെപി പട്ടികയെപ്പറ്റിയുള്ള വിലയിരുത്തൽ?
ഇത്തവണ തോൽക്കുമെന്ന് ബിജെപിക്ക് ഉറപ്പാണ്. അതുകൊണ്ട് അവര്ർ ഒരു പുതിയ ഫോർമുല പരീക്ഷിക്കുകയാണ്. എനിക്കും സിദ്ധരാമയ്യക്കും എതിരെ മന്ത്രിമാരെ ഇറക്കിയത് അതുകൊണ്ടാണ്. പക്ഷേ കോൺഗ്രസ് കൃത്യം ഭൂരിപക്ഷം നേടി ജയിക്കും. 140 സീറ്റുകൾ നേടും. എഴുതിവച്ചോളൂ. സംസ്ഥാനം അഴിമതിയിൽ മുങ്ങിയ സ്ഥിതിയാണ്. അതിനെ മറികടക്കാൻ കോൺഗ്രസിനേ കഴിയൂ.
ചോദ്യം: ബിജെപിയിൽ കലാപം രൂക്ഷമാണ്. ആരെങ്കിലും മറുകണ്ടം ചാടി കോൺഗ്രസിൽ വരുമോ?
ഞാനിപ്പോഴത് തുറന്ന് പറയുന്നില്ല. 24 മണിക്കൂർ കാത്തിരിക്കൂ. രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇതിനുള്ള ഉത്തരമുണ്ടാകും.
ചോദ്യം: അപ്പോൾ രണ്ടാം പട്ടികയിൽ സർപ്രൈസുകളുണ്ടാകുമല്ലേ?
തീർച്ചയായും സർപ്രൈസുകളുണ്ടാകും.
ചോദ്യം: താങ്കൾക്കും സിദ്ധരാമയ്യയ്ക്കുമെതിരെ മന്ത്രിമാരെ നിർത്തുമ്പോൾ, നിങ്ങളെ മണ്ഡലങ്ങളിൽ തളച്ചിടാനാണോ ബിജെപി ശ്രമിക്കുന്നത്?
അവർ എന്‍റെ നീക്കങ്ങൾ തടയാൻ ശ്രമിക്കുകയാണ്. ഭയം കാരണമാണത്. അവരുടെ കളിയൊന്നും നടക്കാൻ പോകുന്നില്ല. ഞങ്ങൾക്കും രാഷ്ട്രീയമറിയാമല്ലോ.
ചോദ്യം: വീണ്ടും ഓപ്പറേഷൻ താമരയുണ്ടായാൽ?
ഒരിക്കലുമുണ്ടാവില്ല. വിശ്വസ്തർക്ക് മാത്രമേ ഞങ്ങൾ സീറ്റ് നൽകിയിട്ടുള്ളൂ. ഓപ്പറേഷൻ താമരയുടെ പ്രശ്നമുദിക്കുന്നില്ല. അധികാരത്തിലെത്തുമ്പോൾ എല്ലാവരും ഞങ്ങൾക്കൊപ്പമുണ്ടാകും.
