ബം​ഗളൂരു: കനകപുരയിലെ ക്രിസ്തുപ്രതിമ നിർമ്മാണ വിവാദത്തിൽ‌ മറുപടിയുമായി കോൺ​ഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ.ശിവകുമാർ. പ്രതിമ നിർമ്മാണത്തിനെതിരെ നിരവധി ബിജെപി നേതാക്കൾ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരുന്നു.  സ്വന്തം മണ്ഡലമായ കനകപുരയിലെ ഹരോബെലയിലെ കപാലിബെട്ടയിലാണ്  യേശുക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ച് ശിവകുമാർ സ്ഥലം വാങ്ങി നൽകിയത്. എന്നാൽ തന്റെ മണ്ഡ‍ലത്തിലുള്ളവർക്ക് നൽകിയ വാ​ഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്തതെന്നും യാതൊരുവിധത്തിലുള്ള രാഷ്ട്രീയ നേട്ടങ്ങളും ഇതിന് പിന്നിലില്ലെന്നും ശിവകുമാർ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിലാണ് പ്രതിമ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 

''ഹരോബെലയിൽ ക്രിസ്തുവിന്റെ പ്രതിമ ഉണ്ടായിരുന്നില്ല. അതിനാൽ ഒരു പ്രതിമ നിർമ്മിച്ചു നൽകണമെന്ന് പ്രദേശവാസികൾ എന്നോട് ആവശ്യപ്പെട്ടു. അവരുടെ ആവശ്യം സാധിച്ചു കൊടുക്കാമെന്ന് ഞാൻ വാ​ഗ്ദാനം നൽകിയിരുന്നു. അത് പാലിക്കുക മാത്രമാണ് ഞാൻ‌ ചെയ്തത്. രാഷ്ട്രീയ നേട്ടങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഇത് ചെയ്തത്. സ്വന്തം ജീവിതത്തിൽ ആത്മസംതൃപ്തിക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു.'' ശിവകുമാർ വിശദീകരിച്ചതായി ദേശീയ മാധ്യമമായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

''ഞാൻ ​ഒരു ​ഗ്രാമീണ മണ്ഡലത്തിൽ നിന്ന് ജനങ്ങളുടെ സ്നേഹവും ശക്തിയും സ്വീകരിച്ച് വന്ന വ്യക്തിയാണ്. എന്റെ നിയോജകമണ്ഡലത്തിൽ ഞാൻ നൂറുകണക്കിന് ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മൂന്ന് പ്രദേശങ്ങളിലായി മുപ്പത് ഏക്കറോളം ഭൂമി സർ‌ക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നൽകിയിട്ടുണ്ട്. വിവിധ സംഘടനകൾക്ക് ഞാൻ ഭൂമി വാങ്ങി സംഭാവനയായി നൽകിയിട്ടുണ്ട്.'' ശിവകുമാർ കൂട്ടിച്ചേർത്തു. 

ഭരണകക്ഷിയായ ബിജെപി വൻവിമർശനമാണ് പ്രതിമ നിർമ്മാണത്തിനെതിരെ ഉയർത്തിയിരിക്കുന്നത്. നിർമ്മാണത്തിനായി നൽകിയിരിക്കുന്ന സ്ഥലം ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് സംസ്ഥാന റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഭൂമിയാണിത്. മൃ​ഗങ്ങൾക്ക് മേച്ചിൽ സ്ഥലമായി വിട്ടുകൊടുത്തിരിക്കുന്ന ഭൂമിയാണിത്. എങ്ങനെയാണ് അത് ശിവകുമാറിന്റെ സ്വന്തമാകുന്നതെന്നും അദ്ദേഹത്തിനത് വാങ്ങാനും വിൽക്കാനും സാധിക്കുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. ആരും ആർക്കും ഈ ഭൂമി സംഭാവനയായി നൽകിയിട്ടില്ല. രാമന​ഗര ജില്ലാ ഡെപ്യൂട്ടി കമ്മീഷണറോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. ദേശീയ മാധ്യമമായ പിടിഐയോട് മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ജനിച്ച ശ്രീരാമന് ക്ഷേത്രം നിർമിക്കുന്നതിനെ എതിർക്കുന്ന കോൺഗ്രസ് യേശു ക്രിസ്തുവിന്റെ പ്രതിമനിർമാണത്തിന് ഫണ്ട് നൽകുകയാണെന്ന് ബി.ജെ.പി. നേതാവും മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ ആരോപിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്നതിൽ നിന്നു ശിവകുമാറിനെ തടയാൻ ഇനി സിദ്ധരാമയ്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാലിയന്‍ നേതാവിനെ പ്രീതിപ്പെടുത്താനാണ് തിഹാര്‍ ജയിലില്‍ നിന്നെത്തിയ നേതാവ്  പ്രതിമ നിര്‍മ്മിക്കുന്നതെന്ന് ബിജെപി എം പി അനന്ത്കുമാര്‍ ഹെഗ്ഡെ ആരോപിച്ചു. ഇന്ത്യയില്‍ ജനിച്ച ശ്രീരാമന് പ്രതിമയുണ്ടാക്കുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസ് യേശു ക്രിസ്തുവിന്‍റെ പ്രതിമ നിര്‍മ്മാണത്തിന് സഹായിക്കുന്നുവെന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ ഈശ്വരപ്പയുടെ ആരോപണം.