Asianet News MalayalamAsianet News Malayalam

ഡി രാജ സിപിഐയുടെ പുതിയ ദേശീയാധ്യക്ഷൻ, കനയ്യ ദേശീയ നിർവാഹക സമിതിയിൽ

ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷനാകുന്ന ആദ്യത്തെ ദളിത് വ്യക്തിത്വമാണ് ഡി രാജ. കനയ്യ കുമാറിനെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയതായും ദില്ലിയിൽ ചേർ‍ന്ന പുതിയ സിപിഐ ദേശീയ കൗൺസിൽ യോഗം അറിയിച്ചു. 

d raja to be first dalit national president of a communist party
Author
New Delhi, First Published Jul 21, 2019, 4:00 PM IST

ദില്ലി: എസ്. സുധാകര്‍ റെഡ്ഡിക്ക് പിന്‍ഗാമിയായി ഡി. രാജ എന്ന എഴുപതുകാരന്‍ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ നയിക്കും. കേരളത്തിലുള്‍പ്പടെ വോട്ടുവിഹിതം കുത്തനെ ഇടിഞ്ഞ സംഘടനയുടെ ജനപിന്തുണ തിരിച്ചുകൊണ്ടുവരികയെന്ന വെല്ലുവിളിയാണ് കേരളത്തിന്‍റെ മരുമകന്‍ കൂടിയായ ഡി രാജയെ കാത്തിരിക്കുന്നത്.

അതേസമയം, സിപിഐ ദേശീയ നിർവാഹക സമിതി അംഗമായി ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെ നിയമിച്ചതായും ദില്ലിയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗം അറിയിച്ചു. 

തമിഴ്‍നാട് വെല്ലൂരിലെ ദലിത്, കര്‍ഷക കുടുംബത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിലേക്കുള്ള ദൊരൈസാമി രാജയെന്ന ഡി. രാജയുടെ പ്രയാണം  സമരപോരാട്ടങ്ങളുടേതായിരുന്നു. എണ്‍പതുകളില്‍ 'തൊഴില്‍ അല്ലെങ്കില്‍ ജയിലെ'ന്ന മുദ്രാവാക്യമുയര്‍ത്തി യുവജന വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ രാജ്യവ്യാപക പ്രക്ഷോഭങ്ങളിലൂടെ ഇന്ദ്രപ്രസ്ഥത്തിലെ ശ്രദ്ധേയനായ വിദ്യാര്‍ഥി നേതാവായി രാജ മാറി.

എഐവൈഎഫ് ദേശീയ സെക്രട്ടറി പദത്തിന് പിന്നാലെ 1994 മുതല്‍ സിപിഐ ദേശീയ സെക്രട്ടറിയായി ഡി രാജ. രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. യുപിഎ സര്‍ക്കാരിന്‍റെ നയ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച ഇടത് യുപിഎ ഏകോപന സമിതിയില്‍ എത്തിയത് ദേശീയ നേതാവായി രാജയെ മാറ്റി. ദേശീയ രാഷ്ട്രീയത്തിലെ  മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന രാജ പ്രതിപക്ഷ ഐക്യവേദികളിലെ സിപിഐയുടെ സ്ഥിരം മുഖമാണ്.

കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് രാജയുടെ പേരും സജീവമായിരുന്നു. എന്നാല്‍ സംഘടനയില്‍ നിര്‍ണായക സ്വാധീനമുള്ള കേരള ഘടകത്തിന്‍റെ എതിര്‍പ്പ് രാജയ്ക്ക് തിരിച്ചടിയായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഹായത്തോടെ തമിഴ്‍നാട്ടില്‍ നിന്ന് രണ്ട് എംപി മാരെ ലോക്സഭയിലെത്തിക്കാനായത് മാത്രമായിരുന്നു സിപിഐയുടെ ആകെ നേട്ടം.  

അനാരോഗ്യം ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച എസ്. സുധാകര്‍ റെഡ്ഡി, പകരക്കാരനായി പിന്തുണച്ചത് രാജയെയാണ്. അമർജീത് കൗറിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കണമെന്നായിരുന്നു കേരള ഘടകത്തിന്‍റെ അഭിപ്രായമെന്നാണ് സൂചന. എന്നാൽ ഭിന്നതകൾ ഒഴിവാക്കണമെന്ന സുധാകർ റെഡ്ഡിയുടെ നിർദേശത്തെത്തുടർന്ന്, പൊതു അഭിപ്രായത്തിനൊപ്പം നില്‍ക്കാന്‍ കേരള ഘടകവും നിര്‍ബന്ധിതമായതോടെ ഡി. രാജ ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തുകയാണ്. ദേശീയ മഹിളാ ഫെഡറേഷന്‍ സെക്രട്ടറിയും മലയാളിയുമായ ആനി രാജയാണ് ഭാര്യ. ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന അപരാജിതയാണ് മകള്‍. 

Follow Us:
Download App:
  • android
  • ios