ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ സമന്‍സ്‌ നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സിബിഐ നോട്ടീസ് നല്‍കിയത്. 23ന് ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

നവംബര്‍ 19ന് സിബിഐ ഓഫീസര്‍മാര്‍ വീട്ടിലെത്തിയിരുന്നെങ്കിലും താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും സ്വാകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 25ന് ഹാജരാകാന്‍ അനുമതി തേടും.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു 19ന്. കഫേ കൊഫീ ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ ഹെഗ്‌ഡെയുടെ മകനും ബിജെപി നേതാവ് എസ്എം കൃഷ്ണയുടെ കൊച്ചുകനുമായ അമര്‍ത്യ ഹെഗ്‌ഡെയുമായിട്ടാണ് മകള്‍ ഐശ്വര്യയുടെ വിവാഹം നിശ്ചയിച്ചത്. ഒക്ടോബര്‍ അഞ്ചിന് ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.