ദില്ലി: ആരോഗ്യസേതു ആപ്പിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. രാഹുല്‍ ഗാന്ധി ദിവസവും ഓരോ കള്ളം വീതം പറയുകയാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൊവിഡില്‍ നിന്ന് ജനത്തെ സംരക്ഷിക്കുന്നതിന് ആരോഗ്യസേതു ആപ് സഹായിക്കുന്നു. ഡാറ്റാ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. എക്കാലവും നിരീക്ഷണത്തിലേര്‍പ്പെട്ടവര്‍ക്ക് ജനനന്മക്കായി സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് അറിയില്ല. ഇന്ത്യയെ മനസ്സിലാക്കാതെ ഇത്തരം കാര്യങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അദ്ദേഹം അവസാനിപ്പിക്കേണ്ട സമയമായെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ആരോഗ്യസേതു ആപ്പിനെതിരെ രാഹുൽ ഗാന്ധി; 'ഡാറ്റ സുരക്ഷയെക്കുറിച്ച് ആശങ്ക'

ബിജെപി വക്താവ് സാംപിത് പത്രയും രാഹുലിനെതിരെ രംഗത്തെത്തി. ആരോഗ്യസേതു ആപ്പിനെക്കുറിച്ച് രാഹുല്‍ അജ്ഞനാണ്. ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം അദ്ദേഹം അവസാനിപ്പിക്കണമെന്ന് പത്ര പറഞ്ഞു.  

കൊവിഡ് പോരാട്ടത്തിനായി വികസിപ്പിച്ച ആരോഗ്യസേതു ആപ്പിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പൗരന്മാരെ നിരീക്ഷിക്കുന്ന സംവിധാനമാണെന്നും സ്വകാര്യ കമ്പനികള്‍ക്ക് മേല്‍നോട്ടകരാര്‍ നല്‍കിയതിലൂടെ ഡാറ്റ സുരക്ഷിതമല്ലെന്നുമാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. സാങ്കേതിക വിദ്യ സുരക്ഷിതത്വം നല്‍കുമെങ്കിലും അനുവാദമില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നത് അപകടകരമാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.