Asianet News MalayalamAsianet News Malayalam

രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് നാലുലക്ഷത്തിന് മുകളിൽ തന്നെ; 24 മണിക്കൂറിനകം 4187 മരണം

ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. തുടർച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിനു മുകളിൽ എത്തിയിരിക്കുന്നത്. 
 

daily covid rate in the country is over four lakhs above 4000 deaths within 24 hours
Author
Delhi, First Published May 8, 2021, 7:17 AM IST

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ തന്നെയാണ്. 24 മണിക്കൂറിനിടെ 4,01,522 പേർ പുതിയ രോഗികൾ എന്നാണ് സംസ്ഥാനങ്ങൾ നൽകുന്ന കണക്ക്. ഈ സമയത്തിനുള്ളിൽ 4187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. തുടർച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിനു മുകളിൽ എത്തിയിരിക്കുന്നത്. 

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് 
ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.

രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിട്ട ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് ആശ്വാസം ആവുകയാണ്. ഓക്സിജൻ പ്രതിസന്ധിയിലും കുറവുണ്ട്. കൂടുതൽപേർക്ക് വാക്സിൻ നൽകാനാണ് ഇപ്പോൾ സർക്കാർ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തിൽ 
ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.

കർണാടകത്തില്‍ മെയ് 10 മുതൽ 24 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ 6 മുതല്‍ 10വരെ മാത്രമേ തുറക്കുകയുള്ളൂ, എന്നാല്‍ വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം. 

കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിൽ ഈമാസം 9 മുതൽ 23 വരെ ലോക്ഡൗൺ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. പലചരക്ക് കടകൾ രാവിലെ 7 മുതൽ 1 വരെ തുറന്നു പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സലുകൾ മാത്രമാണ് ലഭ്യമാവുക.ഗോവയിൽ മരണ നിരക്ക് കൂടുകയാണെന്നും ജാഗ്രത പാലിക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios