മുംബൈ: ചേരിയിൽ താമസിക്കുന്ന 300 രൂപ ശമ്പളക്കാരന് 1.05 കോടി രൂപ നികുതി ചുമത്തി ആദായ നികുതി വകുപ്പ്. നോട്ടുനിരോധന കാലത്ത് ഭൗസാഹേബ് അഹിറേ എന്നയാൾ 58 ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി ചുമത്തിയിരിക്കുന്നത്. എന്നാല്‍, തനിക്ക് ഇങ്ങനെയൊരു നിക്ഷേപം നടന്ന അക്കൗണ്ടിനെ കുറിച്ച്‌ ഒന്നുമറിയില്ലെന്ന് ഭൗസാഹേബ് അഹിറേ പറഞ്ഞതായാണ് റിപ്പോർട്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഭൗസാഹേബ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജരേഖ ഉപയോ​ഗിച്ചാകും ഇത്തരത്തിൽ ഒരു അക്കൗണ്ട് ആരംഭിച്ചതെന്ന് ഇയാള്‍ സംശയിക്കുന്നു. തന്റെ ഭാര്യാ പിതാവിനൊപ്പം ഒരു കുടിലില്‍ കഴിയുന്നയാളാണ് ഭൗസാഹേബ്. 2016ല്‍ നോട്ടുനിരോധന സമയത്ത് ഈ തുക ബാങ്കില്‍ നിക്ഷേപിച്ചു എന്ന് കാണിച്ചുകൊണ്ടുള്ള ആദ്യ നോട്ടീസ് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇയാൾക്ക് ലഭിച്ചത്. 

ഇക്കാര്യം ചൂണ്ടിക്കാട്ടി ഭൗസാഹേബ് ഐ.ടി ഓഫീസിനെയും ബാങ്കിനെയും സമീപിച്ചിരുന്നു. ജനുവരി ഏഴാം തീയതി ഇത് സംബന്ധിച്ചുള്ള രണ്ടാമത്തെ നോട്ടീസും ഇയാള്‍ക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് ഭൗസാഹേബ് പൊലീസിനെ സമീപിച്ചത്. ഇയാളുടെ പാന്‍ കാര്‍ഡ് നമ്പർ വച്ചുകൊണ്ടാണ് അക്കൗണ്ട് ആരംഭിച്ചിരുന്നതെങ്കിലും അതിനായി നല്‍കിയിരിക്കുന്ന ഒപ്പുകളും ഫോട്ടോയും ഭൗസാഹേബിന്റേതല്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.