ഉന്നതജാതിയില്‍പ്പെട്ട ഒരു സംഘം ആളുകളെത്തി വരനും കൂട്ടരും അമ്പലത്തില്‍ കയറുന്നത് തടയുകയായിരുന്നു

ലക്നൗ: ദളിത് യുവാവിനെ വിവാഹ ദിവസം ക്ഷേത്രത്തില്‍ കയറ്റിയില്ലെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. വിവാഹ ദിവസം ചടങ്ങുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനായി അമ്പലത്തില്‍ എത്തിയതായിരുന്നു വരനും സംഘവും. എന്നാല്‍ ഒരു സംഘം ആളുകള്‍ എത്തി വരനും കൂട്ടരും അമ്പലത്തില്‍ കയറുന്നത് തടഞ്ഞു.

ദളിതനായതിനാല്‍ അമ്പലത്തില്‍ കയറേണ്ടെന്ന് പറഞ്ഞാണ് യുവാവിനെയും കൂട്ടരെയും ഇവര്‍ തടഞ്ഞത്. ഇത്തരത്തിലൊരു സംഭവം ഈ പ്രദേശത്ത് ആദ്യമാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ വരന്‍റെ പിതാവിന്‍റെ പരാതിയില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

അമ്പലത്തില്‍ കയറുന്നത് തടഞ്ഞതിനൊപ്പം ഇവര്‍ വരന്‍റെ വിവാഹ മോതിരം തട്ടിയെടുക്കാനും നോട്ടു കൊണ്ടുണ്ടാക്കിയ മാല പിടിച്ചെടുക്കാനും ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഗ്രാമവാസികളായ നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. വിവാഹത്തിന് ശേഷം പൊലീസിന്‍റെ സഹായത്തോടെ വധുവും വരനും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതായും പൊലീസ് വ്യക്തമാക്കി.