പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും സ്ഥീകരിക്കുന്നില്ലെന്ന് മരിച്ച ശിവ് പ്രകാശിന്‍റെ അടുത്ത ബന്ധു ആരോപിക്കുന്നു. അധികൃതര്‍ വീട്ടുകാരുമായി ചര്‍ച്ച നടത്തി അവരെ സമാധാനിപ്പിക്കുകയാണ് ചെയ്തത്.

അമേഠി: അമേഠിയിലെ പിപാപൂരില്‍ ദളിത് യുവാവിനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ശിവ് പ്രകാശ് കോരി എന്ന 36 കാരനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാര്‍ഗാപൂര്‍ ഗ്രാമത്തില്‍ നിന്ന് ഇഷ്ടികചൂളയില്‍ ജോലിക്കെത്തിയതായിരുന്നു ശിവ് പ്രകാശ്. ഇദ്ദേഹത്തിന്‍റെ മരണം കൊലപാതകമാണെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നത്.

പിപാപൂരിലെ മല്ലൂര്‍ ഗ്രാമത്തിനടുത്ത് ബുധനാഴ്ചയാണ് ശിവ് പ്രകാശിന്‍റെ മൃതശരീരം കണ്ടെത്തുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും സ്ഥീകരിക്കുന്നില്ലെന്ന് ശിവ് പ്രകാശിന്‍റെ അടുത്ത ബന്ധുവായ സൂരജ് ആരോപിച്ചു. അധികൃതര്‍ വീട്ടുകാരുമായി ചര്‍ച്ച നടത്തി അവരെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. പൊലീസിന്‍റെ മേല്‍നോട്ടത്തില്‍ തന്നെ സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്നും ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് രാംരാജ് കുശ്വാഹ പറഞ്ഞു. ശിവ് പ്രകാശിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ റോഡില്‍ നടത്തിയ പ്രതിഷേധത്തിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Read More: പണം മോഷ്ടിച്ചതിന് വഴക്കുപറഞ്ഞു, പിതാവിനെ 14 കാരന്‍ തീകൊളുത്തി കൊന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം