സംഭവത്തെ തുടർന്ന് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അംരീഷ് കുമ്പാറിനെതിരെ പൊലീസ് കേസെടുത്തു.
ബെംഗളൂരു: കൃഷിയിടത്തിൽ പശുക്കൾ കയറിയതിന്റെ പേരിൽ ദലിത് സ്ത്രീയെ തൂണിൽ കെട്ടിയിട്ട് ചെരിപ്പു കൊണ്ടടിച്ചു. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. അംരീഷ് കുമ്പാർ എന്നയാളാണ് സ്ത്രീയെ മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അംരീഷ് കുമ്പാറിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ശോഭമ്മ ഹരിജൻ എന്ന സ്ത്രീക്കാണ് മർദ്ദനമേറ്റത്. തന്നെ അടിയ്ക്കരുതെന്ന് ഇവർ അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ഇയാൾ മർദ്ദനം തുടരുകയായിരുന്നു. കന്നുകാലികൾ കുമ്പാറിന്റെ പറമ്പിലേക്ക് കയറിയപ്പോൾ തന്നെ ഉടൻ തിരിച്ചുകൊണ്ടുവരാനായി പോയെന്നും എന്നാൽ ഉടമ സ്ത്രീയെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ചെരുപ്പ് ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു; ആന്ധ്ര ടൂറിസം മന്ത്രിയായ റോജ വിവാദത്തില്‍
കുറച്ച് ദിവസം മുമ്പ് കർണാടകയിലെ ചിക്കമഗളുരുവിൽ പശുവിറച്ചിയുടെ പേരിൽ അസമീസ് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവമുണ്ടായി. ബജ്‍രംഗദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് മൂന്ന് ബജ്‍രംഗദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഗജിവുർ റഹ്മാൻ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. മുദ്രെമാനെ സ്വദേശികളായ നിതിൻ, അജിത്, മധു എന്നിവാണ് പ്രതികൾ. ഗജിവുർ റഹ്മാന്റ ഭാര്യ അലിസയുടെ പരാതിയിലാണ് കേസ്. അതേസമയം, ഗജിവുർ റഹ്മാനെതിരെയും പൊലീസ് ബീഫ് വിൽപനക്ക് കേസെടുത്തു. ഇയാളിൽ നിന്ന് 1400 രൂപ വിലവരുന്ന മാംസം പിടികൂടി.
അസമീസ് യുവാവിൽ നിന്ന് പിടിച്ചെടുത്ത മാംസം പരിശോധിക്കാൻ എഫ്എസ്എൽ ലാബിലേക്ക് അയച്ചു. മർദ്ദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ യുവാവിനെതിരെയും പരാതി നൽകി. പ്രതികളായ മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
