രാജേഷ് കുമാർ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഹാർദി പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാണ് ആരോപണം.
ബഹ്‌റൈച്ച്: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കെട്ടിയിട്ട് അടിക്കുകയും മുഖത്ത് കരിതേക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. എൻഡിടിവിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. രാജേഷ് കുമാർ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഹാർദി പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാണ് ഇവർ ആരോപിച്ചത്. ദിവസക്കൂലിക്കാരനായ തൊഴിലാളിയാണ് 30കാരനായ രാജേഷ് കുമാർ.
ആരോപണ വിധേയനായ മിശ്ര ഒളിവിലാണ്. ഇയാളുടെ രണ്ട് സഹായികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുമ്പോഴും തല മൊട്ടയടിക്കമ്പോഴും കരി തേക്കുമ്പോഴും ആരും തടയാനെത്തിയില്ല. ബിജെപി നേതാവും അദ്ദേഹത്തിന്റെ അനുയായികളും ജാതീയമായ പരാമർശങ്ങൾ നടത്തിയെന്നും രാജേഷ് കുമാർ ആരോപിച്ചു. പ്രതികൾക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. മോഷണം നടന്നിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതിപ്പെടുകയാണ് വേണ്ടതെന്നും അല്ലാതെ ആളുകളെ പിടിച്ച് മർദ്ദിക്കുകയല്ല ചെയ്യേണ്ടതെന്നും പൊലീസ് വ്യക്തമാക്കി. മിശ്രക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
കർണാടകയിൽ പരാതി പറയാനെത്തിയ സ്ത്രീയുടെ മുഖത്തടിച്ച് കർണാടക മന്ത്രിയും വിവാദത്തിലായിരുന്നു. പട്ടയ വിതരണം ചെയ്യുന്ന പരിപാടിയിൽ യുവതിയെ കർണാടക മന്ത്രി മുഖത്തടിച്ച സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. മന്ത്രി യുവതിയെ അടിക്കുന്ന സംഭവം ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദമായത്. കർണാടകയിലെ അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്. ചാമരാജനഗർ ജില്ലയിൽ സംഘടിപ്പിച്ച പട്ടയവിതരണ പരിപാടിയിലാണ് സംഭവം. പട്ടയം ലഭിക്കാത്തത് ചോദ്യം ചെയ്ത യുവതിയെയാണ് ക്ഷുഭിതനായ മന്ത്രി മുഖത്തടിച്ചത്. എന്നാൽ അടിയേറ്റിട്ടും യുവതി മന്ത്രിയുടെ പാദങ്ങളിൽ തൊട്ടുവണങ്ങുന്നത് കാണാം. സോമണ്ണ പിന്നീട് മാപ്പ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
