സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോയും ചുമത്തി. മറ്റൊരാളുടെ പരാതിയില്‍ മര്‍ദ്ദനമേറ്റ ബാലനെയും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പാലി ജില്ലയിലെ ധനേറിയയില്‍ ജൂണ്‍ ഒന്നിനാണ് സംഭവം. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോയും ചുമത്തി. മറ്റൊരാളുടെ പരാതിയില്‍ മര്‍ദ്ദനമേറ്റ ബാലനെയും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
ദളിത് ബാലന്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചത് അറിഞ്ഞ ഒരുസംഘമാളുകള്‍ കയറും വടിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കൈയ്യും കാലും കെട്ടിയിട്ട് നിലത്തിട്ട് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. കേണപേക്ഷിച്ചിട്ടും സംഘം മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചിലര്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. വിവരമറിഞ്ഞിട്ടും ആദ്യസമയത്ത് പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്നു.
വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണ് പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായത്. ജൂണ്‍ മൂന്നിന് യുവാവിന്‍റെ അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡിലെ തെഹ്രിയില്‍ വിവാഹ ചടങ്ങില്‍ ഉന്നതജാതിയില്‍പ്പെട്ടവരുടെ മുന്നില്‍നിന്ന് ഭക്ഷണം കഴിച്ചതിന് കഴിഞ്ഞ മാസം ദളിത് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയിരുന്നു.
