Asianet News MalayalamAsianet News Malayalam

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യൻ എംബസിക്ക് കൈമാറി; നാളെയോടെ നാട്ടിലെത്തിച്ചേക്കും

അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ച മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം  കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി. മൃതദേഹം നാളെ രാത്രിയോടെ ഇന്ത്യയിൽ എത്തിച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
 

Danish Siddiqui s body handed over to Indian Embassy  body may be brought home tomorrow
Author
Delhi, First Published Jul 17, 2021, 11:26 PM IST

ദില്ലി: അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ച മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം  കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി. മൃതദേഹം നാളെ രാത്രിയോടെ ഇന്ത്യയിൽ എത്തിച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഊർജിതമാക്കിയിരുന്നു.  നേരത്തെ താലിബാൻ,  മൃതദേഹം റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് കൈമാറിയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.

അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. 

റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകർത്തിയ രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിനെ പുലിറ്റ്സർ തേടിയെത്തിയത്.

Follow Us:
Download App:
  • android
  • ios