ദില്ലി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. കശ്മീരിനെ രണ്ടായി വിഭജിക്കും. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാകും വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാകും. എന്നാല്‍ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35 എയും ഇല്ലാതാകും. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് മെഹ്ബൂബ ഇക്കാര്യം അറിയിച്ചത്. 

'വിനാശകരമായ പരിണിത ഫലങ്ങള്‍ ഇതോടെ ഉപഭൂഖണ്ഡത്തില്‍ ഉണ്ടാകും. കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. കശ്മീര്‍ ജനതയെ തീവ്രവാദികളാക്കി കൊണ്ട് ജമ്മു കശ്മീര്‍ പ്രവിശ്യ പിടിച്ചെടുക്കുകയാണ് അവര്‍ക്ക് വേണ്ടത്. കശ്മീരികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു'- മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.