ജമ്മു: ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെയും മൂന്ന് ഹിസ്ബുള്‍ ഭീകരരേയും കോടതി 15 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ജമ്മുവിലെ എൻഐഎ കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി എൻഐഎ ദേവീന്ദർ സിംഗിനെയും മറ്റ് പ്രതികളെയും ദില്ലിയിലേക്ക് കൊണ്ടു വരുമെന്നും റിപ്പോർട്ടുകളുണ്ട്.  കഴിഞ്ഞ ദിവസം എൻഐഎ സംഘം ദേവീന്ദർ സിംഗിന്‍റെ ശ്രീനഗറിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. 

ഭീകരവാദികളെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും എകെ 47 തോക്കും, പിസ്റ്റലുകളും, ഗ്രനേഡുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന  ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്നാണ് വിവരം. 

Read More: ദേവീന്ദര്‍ സിംഗ് കേസ്: എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം...

Read More: ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്‍റെ പൊലീസ് മെഡൽ പിൻവലിച്ചു...