Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഒന്നരവര്‍ഷത്തിന് ശേഷം ദ്രവിച്ച നിലയില്‍

രാജാജി നഗറിലെ ഇഎസ്ഐ ആശുപത്രിയിലെ മോര്‍ച്ചറിയാണ് ഒന്നരവര്‍ഷത്തോളം മൃതദേഹങ്ങള്‍ അനാഥമായി കിടന്നത്.

Dead bodies of two COVID patients in Bengaluru found in mortuary 15 months later
Author
Bengaluru, First Published Dec 1, 2021, 12:26 AM IST

ബംഗ്ലൂരു: കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഒന്നരവര്‍ഷത്തിന് ശേഷം ദ്രവിച്ച നിലയില്‍ മോര്‍ച്ചയില്‍ കണ്ടെത്തി. ദുര്‍ഗന്ധം രൂക്ഷമായതോടെ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ സംസ്കരിച്ചെന്നാണ് അധികൃതര്‍ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചു.

രാജാജി നഗറിലെ ഇഎസ്ഐ ആശുപത്രിയിലെ മോര്‍ച്ചറിയാണ് ഒന്നരവര്‍ഷത്തോളം മൃതദേഹങ്ങള്‍ അനാഥമായി കിടന്നത്. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നില്ല. ബംഗ്ലൂരു കോര്‍പ്പറേഷനാണ് സംസ്കരിച്ചിരുന്നത്. ഇതിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളാണ് അവഗണിക്കപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് ഈ മോര്‍ച്ചറി നിര്‍ത്തി സമീപത്ത് പുതിയ മോര്‍ച്ചറി തുറന്നിരുന്നു. 

ദുര്‍ഗന്ധം വമിച്ചതോടെ ശുചീകരണ തൊഴിലാളികളെത്തിയതോടെയാണ് അനാഥ മൃതദേഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ടാഗ് നമ്പര്‍ പരിശോധിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. ചാമരാജ്പേട്ട് സ്വദേശി ദുര്‍ഗ, മുനിരാജ് എന്നിവരുടെതാണ് മൃതദേഹങ്ങള്‍. 2020 ജൂലൈയിലാണ് ഇവര്‍ കൊവിഡ് ചികിത്സ തേടിയതും ആശുപത്രിയില്‍ വച്ച് മരിച്ചതും. ഇവരുവരുടെ സംസ്കാരം നടത്തിയെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു.

ഫ്രീസറില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ജീവനക്കാര്‍ മറന്നുപോയെന്നാണ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം. രാജാജി നഗര്‍ പൊലീസ് മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്കരിച്ചു. അധികൃതര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.
 

Follow Us:
Download App:
  • android
  • ios