മുംബൈ: മുംബൈയിലെ ആശുപത്രിയിലെ വാര്‍ഡിൽ കൊവിഡ് രോഗികൾക്കിടയിൽ മൃതദേഹങ്ങളും . ബിജെപി എംഎൽഎ നിതീഷ് റാണെയാണ് ‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് രംഗത്തെത്തിയത്. മുംബൈ കോർപ്പേറേഷൻ നടത്തുന്ന  സയൻ ആശുപത്രിയിലേതാണ് ദൃശ്യങ്ങൾ. 

കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങൾ വാർഡിൽ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലിൽ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങൾ . മൃതദേഹങ്ങൾ നീക്കം ചെയ്യാൻ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായാണ് ബിജെപി എംഎൽഎ എത്തിയത്. 

ആശുപത്രിയിലെ കൊവിഡ് വാര്‍ഡിൽ നിന്നുള്ള ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് എംഎൽഎ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തിൽ ആശുപത്രിയുടെ ഔദ്യോഗിക  വിശദീകരണം ഇത് വരെ  ലഭ്യമായിട്ടില്ല .