ലഹരിമരുന്ന് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആഫ്രിക്കന്‍ പൗരന്‍ മരിച്ചതില്‍ പ്രതിഷേധം ശക്തം. വംശീയ കൊലപാതകമെന്ന് ആരോപിച്ച് ആഫ്രിക്കന്‍ സ്വദേശികള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആഫ്രിക്കന്‍ പൗരന്‍ മരിച്ചതില്‍ പ്രതിഷേധം ശക്തം. വംശീയ കൊലപാതകമെന്ന് ആരോപിച്ച് ആഫ്രിക്കന്‍ സ്വദേശികള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസും ആഫ്രിക്കന്‍ സ്വദേശികളും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ആഫ്രിക്കന്‍ എംബസി വിശദീകരണം തേടി.

കോംങ്കോ സ്വദേശി 27-കാരന്‍ ജോണ്‍ ജോയല്‍ മല്ലുവിനെ ഞയറാഴ്ച പുലര്‍ച്ചെയാണ് ജെസി നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.രണ്ട് പായ്ക്കറ്റ് മയക്കുമരുന്നുമായി പുലര്‍ച്ചെ ഒരു മണിയോടെയാണ് ജോണ്‍ പിടിയിലായത്. ജോണിനൊപ്പം എത്തിയ രണ്ട് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. മയക്കുമരുന്ന് എവിടെ നിന്ന് കൊണ്ടുവന്നുവെന്നും ആര്‍ക്ക് വിതരണം ചെയ്യാനാണ് എത്തിച്ചതെന്നും നീണ്ട ചോദ്യം ചെയ്യലിലും ജോണ്‍ വെളിപ്പെടുത്തിയില്ല. 

ഇന്ന് പുലര്‍ച്ചയോടെ നെഞ്ച് വേനയും വിറയലും അനുഭവപ്പെട്ട ജോണിനെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെ മരിച്ചു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും വംശീയ കൊലപാതകമെന്നും ആരോപിച്ച് ആഫ്രിക്കന്‍ സ്വദേശികള്‍ സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. നെഞ്ച് വേദനയുണ്ടായ ഉടന്‍ ജോണിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്ന് ബെംഗളൂരു സിറ്റിപൊലീസ് കമ്മീഷണർ കമല്‍ പന്ത് പറഞ്ഞു.

എംബസി അധികൃതര്‍ കമ്മീഷണർ ഓഫീസിലെത്തി സ്ഥിതി വിലയിരുത്തി. മനുഷ്യാവകാശ കമ്മീഷനും അന്വേഷണം തുടങ്ങി. ബെംഗളൂരുവിലെ ലഹരിവിതരണ ശൃംഖലയിലെ പ്രധാനിയാണ് മരിച്ച ജോണ് എന്ന് പൊലീസ് അറിയിച്ചു. സ്റ്റുഡന്‍റ് വിസയിലാണ് ജോണ്‍ ബെംഗ്ലൂരുവിലെത്തിയത്ത്.