ദില്ലി: ലോക്ക് ഡൗൺ അവസാനിക്കാൻ നാല് ദിവസം മാത്രം ശേഷിക്കേ രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നു. ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പടുത്തിയതായി ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. കരുതലോടെ മാത്രമേ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താവൂയെന്ന് സർക്കാർ നിയോഗിച്ച ഗവേഷണ സമിതി കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ലോക്ക് ഡൗണിലെ ഇളവുകളെകുറിച്ച്  ആലോചിക്കുമ്പോൾ കേന്ദ്രത്തിന് മുന്നിലെത്തുന്ന കണക്കുകൾ ആശാസ്യമല്ല. 24 മണിക്കറിനിടെ 62 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊവിഡ് മരണത്തിലെ 80 % മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ദില്ലി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്‌. ആകെ മരണത്തിന്റെ 39 ശതമാനം മഹാരാഷ്ട്രയിലാണ്.

കണക്കുകൾ ഉയരുമ്പോഴും കൊവിഡ് ബാധിതരുടെ നിരക്ക് 10.9 ദിവസം കൂടുമ്പോഴേ ഇരട്ടിക്കുന്നുള്ളൂവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ 300 ജില്ലകളിൽ കൊവിഡ് ബാധിതരില്ലെന്നും നേരത്തെ രോഗം റിപ്പോർട്ട് ചെയ്ത 17 ജില്ലകളിൽ 28 ദിവസമായിപുതിയ കേസുകളില്ലെന്നും ആരോഗ്യമന്ത്രി ഹർഷവർധൻ പ്രതികരിച്ചു. 100ൽ 23.33 പേർക്ക് രോഗം ഭേദമാകുന്നതായും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും വരും നാളുകളിൽ കുത്തനെ ഉയരുമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ഗവേഷണ സ്ഥാപനങ്ങൾ കേന്ദ്രത്തിന് സംയുക്ത റിപ്പോർട്ട് നൽകി. ഓഗസ്റ്റ് വരെയെങ്കിലും രോഗ ഭീഷണി നിലനിൽക്കാമെന്നും, മെയ് അവസാനത്തോടെ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബംഗ്ലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ,ഐ ഐ ടി ബോംബെ, ജവഹർലാൽ നെഹ്റു സെന്റർ 'ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഇവയാണ്.

ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് മരണ സംഖ്യ ആയിരം പിന്നിടാം. മെയ് അഞ്ചോടെ മൂവായിരം കടക്കും. മെയ് 12 ഓടെ പതിനായിരം പിന്നിട്ടേക്കാം. അങ്ങനെയെങ്കിൽ മെയ് അവസാനത്തോടെ അൻപതിനായിരത്തിന് അടുത്തെത്തും. ലോക് ഡൗൺ പിൻവലിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും രോഗ ബാധിതരുടെ എണ്ണം 65000 ൽ എത്തിയേക്കാം. മെയ് മുപ്പത്തിഒന്നോടെ ഒന്നര ലക്ഷം കടക്കും. ജൂൺ പകുതിയോടെ മൂന്ന് ലക്ഷവും, ജൂൺ അവസാനത്തോടെ പതിനൊന്ന് ലക്ഷവും കടന്നേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.