വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്.
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മരിച്ചവരിൽ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ച ദുരന്തമുണ്ടായത്.
വിജയ്‌യുടെ സംസ്ഥാന പര്യടനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ടിവികെ സമ്മേളനത്തിനിടെ പരിക്കേറ്റ കണ്ണൻ എന്നയാൾ ആണ് ഹർജിക്കാരൻ. വൈകീട്ട് 4:30ന് ഹർജി കേൾക്കാമെന്ന് ജസ്റ്റിസ് സെന്തിൽകുമാർ അറിയിച്ചു.
ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസ്
വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും
കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.



