ദില്ലി: ദില്ലി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 35 ആയി. കലാപബാധിത മേഖലകളുടെ നിയന്ത്രണം കേന്ദ്ര സേന കൂടി ഏറ്റെടുത്തതോടെ സംഘർഷത്തിന് പൊതുവില്‍ അയവ് വന്നിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. 

ദില്ലി കലാപം - ഒടുവില്‍ കിട്ടുന്ന വിവരങ്ങള്‍ 

ദില്ലി കലാപം നിയന്ത്രിക്കാൻ ഇടപെടണമൊന്നാവശ്യപ്പെട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ കണ്ടു. 'കേന്ദ്രസേനയും ദില്ലി പോലീസും കൈയിലുണ്ടായിട്ടം കലാപം നിയന്ത്രിക്കാൻ കേന്ദ്രം ഇടപ്പെട്ടില്ലന്ന ആക്ഷേപം സംഘം ഉന്നയിക്കും.ഇതേ വിഷയത്തിൽ രാഷ്ട്രപതിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനും തീരുമാനമുണ്ട്.

കലാപവുമായി ബന്ധപ്പെട്ട് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. രാത്രി 12 മുതല്‍ പകല്‍ എട്ട് മണി വരെ 19 ഇടങ്ങളില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തുവെന്ന് ദില്ലി ഫയര്‍ ഫോഴ്‍സ്. 

ദില്ലി കലാപത്തിൽ ഉണ്ടായ കോടികളുടെ നാശനഷ്ടം തിട്ടപ്പെടുത്താനുള്ള നടപടികൾ വൈകാതെ ആരംഭിച്ചേക്കും. വീടുകളും സ്ഥാപനങ്ങളും കത്തിച്ചതിനാൽ താമസിക്കാൻ ഇടമില്ലാതായവർക്കായി അഭയ കേന്ദ്രങ്ങളും തുറക്കേണ്ടി വരും. പ്രാണ രക്ഷാർത്ഥം വീട്   വിട്ടോടിയ പലരും ഇനിയും മടങ്ങിയെത്തിയിട്ടില്ല. പാഠപുസ്തകങ്ങൾ അടക്കം കത്തിനശിച്ച  നൂറു കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ ഇന്നലെ കലാപ ബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ദില്ലി കാക്കാൻ സൈന്യത്തെ വിളിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആവശ്യം ഇതിനിടെ കേന്ദ്രം വീണ്ടും തള്ളി. 

1984-ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിന്‍റെ ആവര്‍ത്തനമാണ് ഇപ്പോള്‍ ദില്ലിയില്‍ നടക്കുന്നതെന്ന് ബിഎസ്‍പി നേതാവ് മായാവതി ആരോപിച്ചു. ഭിന്നരാഷ്ട്രീയം മാറ്റിവച്ച് സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ദില്ലി കലാപത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും മായാവതി ആവശ്യപ്പെട്ടു. 

അതേസമയം കലാപം നടന്ന വടക്ക് കിഴക്കൻ ദില്ലിയിൽ ജനജീവിതം സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ആയിരങ്ങൾക്കാണ് കിടപ്പാടവും ഉപജീവനമാർഗവും നഷ്ടപ്പെട്ടത്. കലാപത്തിൽ മരണം 29 ആയി. കലാപ ബാധിത പ്രദേശങ്ങളെല്ലാം സുരക്ഷാ സേനയുടെ പൂർണനിയന്ത്രണത്തിലാണിപ്പോൾ.

കലാപം നടന്ന മേഖലകളെല്ലാം പൂർണമായും പോലീസും കേന്ദ്രസേനയും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ഒന്നുരണ്ടിടങ്ങളിലുണ്ടായ ഒറ്റപ്പെട്ട സംഘർഷങ്ങളൊഴിച്ചാൽ വടക്ക് കിഴക്കൻ മേഖല ശാന്തമാണ്. കലാപ ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകുന്നതിനൊപ്പം കടകളിലേക്കും വീടുകളിലേക്കും ആളുകൾ തിരിച്ചുവരികയും ചെയ്യുന്നു.

എല്ലാം വലിച്ച് വാരിയിട്ട് കത്തിച്ച കടകളുടെ പുറത്ത് എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്ന് തെരയുന്നവരും ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം എല്ലാം നഷ്ടപ്പെട്ടവരും കലാപത്തിന്‍റെ ബാക്കി ചിത്രങ്ങളായി നില്‍ക്കുന്നു. പരിക്കേറ്റ 200 ലേറെ പേരിൽ വെടിയുണ്ടയേറ്റ് പരിക്കുപറ്റിയ ചിലരുടെ നില ഗുരുതരമാണ്. കലാപം ശമിച്ചതോടെ ആശുപത്രിയിലെത്തിയവർക്ക് മതിയായ ചികിൽസനൽകാൻ കഴിയുന്നുണ്ടെന്നാണ് ആശുപത്രിയധികൃതർ പറയുന്നത്.