ദില്ലി: തലസ്ഥാനത്ത് കൂട്ടബലാത്സംഗത്തിനിരയായ നിർഭയ മരിച്ചിട്ട് ഇന്നേക്ക് ഏഴ് വർഷം. കേസിലെ കുറ്റവാളികളായ നാലുപേരുടെ വധശിക്ഷ എപ്പോൾ നടപ്പാക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. 2012 ഡിസംബർ 16 -ന് രാത്രിയായിരുന്നു ആറ് നരാധമൻമാർ ചേർന്ന് നിർഭയ എന്ന 23 -കാരിയെ പൈശാചികമായി ബലാത്സം​ഗം ചെയ്തത്. തുടർന്ന് പതിനാല് ദിവസത്തെ ജീവൻമരണപോരാട്ടത്തിനൊടുവില്‍ ഡിസംബർ 29 -ന് രാത്രിയിൽ അവൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സൗത്ത് ദില്ലിയിലെ മുനീർക ബസ് സ്റ്റോപ്പിൽ നിന്നാണ് നിർഭയയുടെ ജീവിതം ക്രൂരമായി തകർത്തെറിഞ്ഞ ആ ബസ് യാത്രയുടെ തുടക്കം. സാകേത് സെലക്ട് സിറ്റി വാക്ക് തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങിയ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായിരുന്ന നിർഭയ ഇവിടെവച്ചായിരുന്നു  തന്റെ സുഹൃത്തിനോടൊപ്പം ബസിൽ കയറിയത്. മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകുകയായിരുന്ന വൈറ്റ് ലൈൻ ബസ്സിലാണ് നിർഭയയും സുഹൃത്തും കയറിയിരുന്നത്. മറ്റു യാത്രക്കാരില്ലാതിരുന്ന ബസിൽ ജീവനക്കാരായ ആറംഗ സംഘം നിർഭയയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ബസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു നിർഭയയെ ആറം​ഗസംഘം ക്രൂരബലാത്സം​ഗത്തിന് ഇരയാക്കിയത്.

ബസ്സിൽ ഉണ്ടായിരുന്നവർ ചേർന്ന് ശല്യം ചെയ്തതിനെ ചോദ്യം ചെയ്തപ്പൊഴായിരുന്നു സുഹൃത്തിനെ അക്രമികൾ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കിയത്. അതിനുശേഷം ആക്രമിസംഘം നിർഭയയ്ക്ക് നേരെ തിരിയുകയും, ചെറുത്തുനിന്ന യുവതിയെ ഇരുമ്പുവടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽവെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഏകദേശം 11 മണിയോടെ, അർധനഗ്നാവസ്ഥയിൽ ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു. അതുവഴി പോയ ആളാണ് അവശനിലയിൽ കിടന്ന നിർഭയെയും സുഹൃത്തിനെയും കാണുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്.

Read More: നിര്‍ഭയ കേസ്: തുമ്പില്ലാത്ത കേസില്‍ നിന്ന് കഴുമരം വരെ

പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിർഭയെയ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 -ന് നിർഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ സംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുടെ അലയൊലികൾ സൃഷ്ടിച്ചു.

സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകളുണ്ടാവുകയും, ദില്ലിയിൽ പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടർന്ന പ്രതിക്ഷേധം വലിയ വിവാദങ്ങൾക്കും വഴിയൊരുക്കി. പിന്നീട് മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനും തെളിവ് ശേഖരത്തിനുമൊടുവിലായി പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും കോടതി പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികൾക്ക് തൂക്ക് കയർവേണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയർന്നു. ഇന്ന് നിർഭയ സംഭവം നടന്നിട്ട് ഏഴുവർഷം പൂർത്തിയാകുമ്പോൾ പ്രതികൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ശിക്ഷതന്നെ രാജ്യത്തെ പരമോന്നത കോടതി വിധിച്ചിരിക്കുകയാണ്.

Read More: നിര്‍ഭയ കേസിൽ തൂക്കുകയര്‍ തന്നെ; അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജി തള്ളി

എന്നാൽ, നിർഭയകേസിൽ പുന:പരിശോധന ഹർജി തള്ളിയതോടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി ഉത്തരവിനെതിരെ തിരുത്തൽ ഹർജി നൽകാനാണ് പ്രതികളുടെ നീക്കം. കൂടാതെ രാഷ്ട്രപതിക്ക് ദയാഹർജി നൽകാനും പ്രതികൾ നീക്കം നടത്തുന്നുണ്ട്. ഇത്തരത്തിൽ തൂക്കുകയർ പരമാവധി വൈകിപ്പിക്കാനാണ് പ്രതികൾ നോക്കുന്നത്.

അതേസമയം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ 2043 ലൈംഗിക പീഡനങ്ങളാണ് കഴിഞ്ഞ വർഷം ദില്ലിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 2017 നേക്കാൾ ആറ് ശതമാനം കൂടുതൽ. സ്ത്രീകൾക്കെതിരെയുള്ള മറ്റു അതിക്രമങ്ങളിലും രാജ്യ തലസ്ഥാനം തന്നെയാണ് മുന്നിൽ നിൽക്കുന്നത്.