Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ്; അന്തിമ തീരുമാനം നീളും

ജൂൺ ആദ്യവാരം വിദ്യാഭ്യാസ സെക്രട്ടറിമാരുടേയും പരീക്ഷ ബോർഡ് സെക്രട്ടറിമാരുടേയും യോഗം ചേരും. അന്ന് വരെയുള്ള സ്ഥിതി പരിശോധിച്ചാവും അന്തിമ തീരുമാനം എടുക്കുക. 

decision will be delayed on cbse class 12 exams
Author
Delhi, First Published May 17, 2021, 4:02 PM IST

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം നീളും. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇത് കൂടി പരിഗണിച്ചാകും തീരുമാനം. ജൂൺ ആദ്യവാരം വിദ്യാഭ്യാസ സെക്രട്ടറിമാരുടേയും പരീക്ഷ ബോർഡ് സെക്രട്ടറിമാരുടേയും യോഗം ചേരും. അന്ന് വരെയുള്ള സ്ഥിതി പരിശോധിച്ചാവും അന്തിമ തീരുമാനം എടുക്കുക. ഉന്നത തല യോഗത്തിൽ പുതിയ വിദ്യാഭ്യാസ നയവും ചർച്ചയായി. 

കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചത്. ജൂണ്‍ ഒന്നുവരേയുളള സ്ഥിതി വിലയിരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം എടുക്കാനായിരുന്നു ധാരണ. എന്നാൽ രോഗവ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വലിയ ആശങ്കയിലാണ്. പരീക്ഷ കൂടാതെ ഫല പ്രഖ്യാപനത്തിന് മറ്റു വഴികൾ തേടണമെന്നാവശ്യപ്പെട്ട് രക്ഷകർത്താക്കളുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 

പരീക്ഷ റദ്ദാക്കുകയാണെങ്കിൽ വിദ്യാര്‍ഥികളുടെ മൊത്തത്തിലുളള പ്രകടന മികവ് അടിസ്ഥാനമാക്കിയാണ് മാര്‍ക്ക് നല്‍കുക. മാര്‍ക്ക് കുറഞ്ഞു പോയെന്നു കരുതുന്നവരെ മാത്രം പരീക്ഷ എഴുതിക്കുക തുടങ്ങിയ ആലോചനകളുണ്ട്. അതേസമയം കൊവി‍ഡ് വ്യാപനം കുറഞ്ഞ യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ ഗൾഫ് കൗൺസിൽ ബോർഡിന് കത്ത് അയച്ചു. ഇന്ത്യയ്ക്ക് പുറത്ത് 22 രാജ്യങ്ങളിൽ സിബിഎസ്ഇ പരീക്ഷ നടക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios